സ്വർണ ഇറക്കുമതി കുറയുന്നു, കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

രൂപയുടെ മൂല്യ തകർച്ച ഒഴിവാക്കാൻ അവശ്യേതര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറക്കാൻ നീക്കം

Update: 2022-09-29 07:30 GMT

രൂപയുടെ മൂല്യ തകർച്ചയും വർധിച്ച് ഇറക്കുമതി തീരുവയും കാരണം 2022 ആഗസ്റ്റ് വരെ ഉള്ള കാലയളവിൽ സ്വർണ ഇറക്കുമതി 13.6 % കുറഞ്ഞ് 597 ടണ്ണായി. ആഗസ്ത് മാസം ഇറക്കുമതി 49 5 % കുറഞ്ഞ് 61 ടണ്ണായി. രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ അവശ്യേതര സാധനങ്ങളുടെ ഇറക്കുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്താൻ റിസർവ് ബാങ്കും, കേന്ദ്ര ധനമന്ത്രാലയവും ആലോചിക്കുന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ദീപാവലി ഉത്സവത്തിന് മുന്നോടിയായി സെപ്റ്റംബർ മുതൽ സ്വർണ ഇറക്കുമതി ഡിമാൻഡ് വർധിക്കാറുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് വിപണിക്ക് അനുകൂലമായെങ്കിലും രൂപയുടെ തകർച്ച ഇറക്കുമതി ചെലവുകൾ വർധിപ്പിക്കും.

സെപ്റ്റംബർ 16 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 100 ശതകോടി ഡോളർ കുറഞ്ഞ് 545.6 ശതകോടി ഡോളറായി.

സ്വർണ ഇറക്കുമതി നിയന്ത്രിക്കാനായി ഇറക്കുമതി തീരുവ ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് കള്ളക്കടത്ത് വർധിപ്പിക്കുമെന്നും ആശങ്കയുണ്ട്‌. ഔദ്യോഗികമായി ഇന്ത്യയിൽ 800 മുതൽ 1000 ടൺ സ്വർണം വരെ ഒരു വർഷം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കൂടാതെ കള്ളക്കടത്തായും സ്വർണം എത്തുന്നുണ്ട്.

ക്രൂഡ് ഓയിൽ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, കൽക്കരി, വളം തുടങ്ങിയ അവശ്യ സാധനങ്ങൾ ഒഴികെ മറ്റെല്ലാത്തിനും നിയന്ത്രണങ്ങൾ വന്നേക്കും. രൂപയുടെ മൂല്യം തിരിച്ചു കയറുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഈ മാസം സ്വർണ ഇറക്കുമതിക്കുളള അടിസ്ഥാന മൂല്യം 10 ഗ്രാമിന് 557 ഡോളറിൽ നിന്ന് 549 ഡോളറായി സെപ്റ്റംബർ 15 ന് കുറച്ചിരുന്നു. നികുതി കണക്കാക്കാനാണ് രണ്ടാഴ്ച്ച കൂടുമ്പോൾ അടിസ്ഥാന മൂല്യം നിശ്ചയിക്കുന്നത്.


Tags:    

Similar News