സ്വർണത്തിൽ ഇടക്കാലാശ്വാസം, കേരളത്തിൽ വിലയിറക്കം
വെള്ളി വിലയില്‍ മുന്നേറ്റം
രാജ്യാന്തര വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് കേരളത്തിലും സ്വര്‍ണത്തിന് നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപ താഴ്ന്ന് 5,605 രൂപയിലെത്തി. അതേസമയം വെള്ളി വില ഒരു രൂപ വര്‍ധിച്ച് 99 രൂപയിലെത്തി.
അന്താരാഷ്ട്ര സ്വര്‍ണ വില വെള്ളിയാഴ്ച 1.50 ശതമാനം ഉയര്‍ന്ന് 2,391.46 എന്ന ആറ് ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ട ശേഷം പിന്നീട് ഇറക്കത്തിലാണ്. ഇന്നലെ 0.22 ശതമാനം താഴ്ന്ന് 2,386.19 രൂപയിലെത്തിരുന്നു. ഇന്ന് 0.35 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,383.77 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിലെ യു.സ് ഫെഡ് ചെയർമാൻ്റെ പ്രസ്താവനയിലും വാരാന്ത്യത്തോടെ പുറത്തു വരുന്ന വിലക്കയറ്റക്കണക്കുകളിലുമാണ് സ്വര്‍ണത്തിന്റെ നോട്ടം. അധികം വൈകാതെ യു.എസ് അടിസ്ഥാന പലിശ നിരക്ക് കുറച്ചു തുടങ്ങുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇത് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയേക്കും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,960 രൂപയാണ്. പക്ഷെ ഈ വിലയ്ക്ക് ഒരു പവൻ ആഭരണം വാങ്ങാൻ ആകില്ല. ഇന്നത്തെ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,411 രൂപയെങ്കിലും നല്‍കിയാലെ ഒരു പവന്‍ ആഭരണം കടകളില്‍ നിന്ന് വാങ്ങാനാകൂ. അതായത് ആഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും കുറഞ്ഞത് ഇന്നത്തെ സ്വര്‍ണ വിലയേക്കാള്‍ 4,451 രൂപയെങ്കിലും അധികം കൈയില്‍ കരുതേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈനുകളെയും ആഭരണ ശാലകളെയും അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ ആണെങ്കില്‍ 20 ശതമാനം വരെയൊക്കെയാകാം എന്നതും ഓർമിക്കുക.