പറപറന്ന് സ്വര്‍ണം ഇന്നും പുത്തന്‍ റെക്കോഡിട്ടു; എത്ര രൂപ കൊടുത്താല്‍ ഒരു പവന്‍ വാങ്ങാം?
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല
ആഭരണപ്രിയരെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും വലച്ച് സ്വര്‍ണവില റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു. കേരളത്തിൽ ഇന്നലെ കുറിച്ചിട്ട റെക്കോഡ് സ്വര്‍ണവില ഇന്ന് പഴങ്കഥയാക്കി.
Also Read : ദേ ഇന്നും റെക്കോഡ് തകര്‍ത്തു, സ്വര്‍ണം തൊട്ടാല്‍ പൊള്ളും; 51,000 രൂപ കൊടുത്താല്‍ പോലും കിട്ടില്ല ഒരു പവന്‍
Also Read : ദേ ഇന്നും റെക്കോഡ് തകര്‍ത്തു, സ്വര്‍ണം തൊട്ടാല്‍ പൊള്ളും; 51,000 രൂപ കൊടുത്താല്‍ പോലും കിട്ടില്ല ഒരു പവന്‍
ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 5,970 രൂപയായി. 200 രൂപ ഉയര്‍ന്ന് 47,760 രൂപയാണ് പവന്‍വില. രണ്ടും എക്കാലത്തെയും ഉയരം. ഈമാസം ഇതുവരെ മാത്രം സംസ്ഥാനത്ത് പവന്‍വിലയിലുണ്ടായ വര്‍ധന 1,440 രൂപയാണ്. ഗ്രാമിന് 180 രൂപയും ഉയര്‍ന്നു. മാര്‍ച്ച് ഒന്നിന് 46,320 രൂപയുണ്ടായിരുന്ന പവന്‍വിലയാണ് ഇന്ന് 47,760 രൂപയിലെത്തിയത്.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് വില 78 രൂപ. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ വര്‍ധിച്ച് പുത്തന്‍ റെക്കോഡായ 4,995 രൂപയിലെത്തി. 5,000 രൂപയെന്ന നാഴികക്കല്ല് താണ്ടാന്‍ ഇനിയുള്ളത് വെറും 5 രൂപയുടെ അകലം.
എന്തുകൊണ്ട് പൊന്നിങ്ങനെ മുന്നേറുന്നു?
കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 2,125 ഡോളറില്‍. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില വൈകാതെ 2,194 ഡോളര്‍ വരെയെത്തുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.
അതുശരിയായാല്‍ കേരളത്തില്‍ പവന്‍വില 50,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കും.
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് ഏറെക്കാലതാമസം വരുത്താതെ തന്നെ താഴ്ത്തിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇതുമൂലം, ഡോളറിന്റെ മൂല്യവും അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്.
നിക്ഷേപകര്‍ ഡോളറിനെയും കടപ്പത്രത്തെയും കൈവിട്ട് പണം സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. ഇതോടെ സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടുകയുമാണ്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്നെത്ര രൂപ കൊടുക്കണം?
47,760 രൂപയാണ് ഇന്ന് പവന്‍വില. ഇതോടൊപ്പം 3 ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും പുറമേ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേരുമ്പോഴാണ് വില്‍പന വിലയാവുക. ഇന്നത്തെ വിലപ്രകാരം ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഏകദേശം 51,700 രൂപ കൊടുക്കണം. ഇന്നലെ 51,500 രൂപ കൊടുത്താല്‍ മതിയായിരുന്നു.