പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ല, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനി പിരിച്ചുവിട്ടത് 600 പേരെ

ഗൂഗിളിന് നിക്ഷേപമുള്ള കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4.9 ശതകോടി ഡോളറാണ്

Update:2023-01-17 12:14 IST

image: @canva

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 20 ശതമാനം പേരെ പിരിച്ചുവിട്ട് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഷെയര്‍ചാറ്റ്. ഏകദേശം 600 പേര്‍ക്കാണ് ജോലി നഷ്ടമായത്. കമ്പനിയില്‍ 2100 ജീവനക്കാരാണ് ഉള്ളത്. മൊഹല്ല ടെക്കിന് കീഴിലുള്ള സ്ഥാപനമാണ് ഷെയര്‍ചാറ്റ്. അതേ സമയം 500 പേരില്‍ താഴെ ജീവനക്കാരെ മാത്രമേ പിരിട്ടുവിട്ടിട്ടുള്ളു എന്നാണ് ഷെയര്‍ചാറ്റ് പറഞ്ഞത്.

ജനുവരി 16ന് രാവിലെ ആയിരുന്നു അപ്രതീക്ഷിതമായ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നഷ്ടമായവരുടെ ഇ-മെയില്‍, സ്ലാക്ക് തുടങ്ങിയവ ബ്ലോക്ക് ചെയ്യുകയായിരുന്നു കമ്പനി. തുടര്‍ന്ന് സ്വകാര്യ ഇമെയിലിലേക്കാണ് പിരിച്ചുവിട്ട വിവരം അറിയിച്ചുള്ള സന്ദേശം എത്തിയത്. നിലനിര്‍ത്തിയവര്‍ക്ക് ഇതേ സന്ദേശം അവരുടെ സ്ലാക്കിലേക്കും കമ്പനി അയച്ചിരുന്നു. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ലെന്നാണ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ ഷെയര്‍ചാറ്റ് പറയുന്നത്.

ജോലി നഷ്ടമായവര്‍ക്ക് നോട്ടീസ് കാലയളവിലെ ശമ്പളം, 2022 ഡിസംബര്‍വരെയുള്ള ബോണസ്, 2023 ജൂണ്‍വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ കമ്പനി നല്‍കും. കഴിഞ്ഞ ഡിസംബറില്‍ ഷെയര്‍ചാറ്റിന്റെ ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം ജീത്11 പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അന്ന് 115ഓളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഫൂഡ് കൂപ്പണുകള്‍ കമ്പനി നേരത്തെ പിന്‍വലിച്ചിരുന്നു.

ഗൂഗിളിന് നിക്ഷേപമുള്ള കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4.9 ശതകോടി ഡോളറാണ്. ഐഐടി കാണ്‍പൂരിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ സച്ച്‌ദേവ, ഫരിഡ് അഹ്‌സന്‍, ഭാനു സിംഗ് എന്നിവര്‍ ചേര്‍ന്ന് 2015ല്‍ തുടങ്ങി പ്ലാറ്റ്‌ഫോം ആണ് ഷെയര്‍ചാറ്റ്. പ്രാദേശിക ഭാഷയുടെ വിപണി തിരിച്ചറിഞ്ഞ ആദ്യ ടെക്ക് കമ്പനികളില്‍ ഒന്ന് കൂടിയാണ് ഇവര്‍. 2020ല്‍ ടിക്ക്‌ടോക്ക് നിരോധിച്ചതിന് പിന്നാലെ ഷെയര്‍ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോം ആണ് മോജ്. കൂടാതെ ടൈംസ് ഇന്റര്‍നെറ്റിന് കീഴിലുണ്ടായിരുന്ന എംഎക്‌സ് ടക്കാടക്കിനെയും ഏറ്റെടുത്തിരുന്നു. ഷെയര്‍ചാറ്റിനെ കൂടാതെ ലീഡ്, അണ്‍അക്കാദമി, മൊഗ്ലിക്‌സ്, അപ്ഗ്രാഡ് അടക്കമുള്ള യുണീകോണ്‍ കമ്പനികള്‍ 2023 തുടങ്ങിയ ശേഷം ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. 

Tags:    

Similar News