യു.എ.ഇയില്‍ നിന്ന് ഇനി ബാങ്കുകള്‍ക്കും നികുതിയിളവോടെ സ്വര്‍ണം വാങ്ങാം
താരിഫ് റേറ്റ് ക്വോട്ടയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി മലബാര്‍ ഗോള്‍ഡാണ്
യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്കും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) പ്രകാരമാണ് ഇളവ്.
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ നേരത്തേ 15 ശതമാനമായിരുന്നു ഇറക്കുമതിച്ചുങ്കം (നികുതി). യോഗ്യരായ ജുവലറികള്‍ക്ക് പുറമേ ഇനി യോഗ്യരായ ബാങ്കുകള്‍ക്കും ഒരു ശതമാനം ഇളവോടെ 14 ശതമാനം ഇറക്കുമതി ചുങ്കം നല്‍കി സ്വര്‍ണം ഇറക്കുമതി ചെയ്യാം.
താരിഫ് റേറ്റ് ക്വോട്ടയും മലബാര്‍ ഗോള്‍ഡും
ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് (IIBX) വഴി യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതി നിരക്കില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ യോഗ്യരായ കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് താരിഫ് റേറ്റ് ക്വോട്ട (TRQ) ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സാണ്.
ടി.ആര്‍.ക്യു പ്രകാരം നടപ്പുവര്‍ഷം (2023-24) ആകെ 140 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാവുക. 2022-23ല്‍ ഇത് 120 ടണ്ണായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഇത് 200 ടണ്ണിലേക്കും ഉയര്‍ത്തും. ഇന്ത്യയില്‍ ആഭരണ നിര്‍മ്മാണവും തുടര്‍ന്ന് അവയുടെ കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം ഇളവ് നല്‍കുന്നത്.
സെപ പ്രകാരം യു.എ.ഇയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇപ്പോള്‍ നികുതിയില്ല. നേരത്തേ 5 ശതമാനം ഇറക്കുമതി നികുതി യു.എ.ഇ ഈടാക്കിയിരുന്നു.
ഇന്ത്യയും യു.എ.ഇയും
ലോകത്ത് സ്വര്‍ണ ഇറക്കുമതിയിലും ഉപഭോഗത്തിലും ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്നത്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ 1,200 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് നടന്നു. 390 കോടി ഡോളറുമായി യു.എ.ഇയാണ് രണ്ടാംസ്ഥാനത്ത്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന് കൂടിയാണ് യു.എ.ഇ. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ യു.എ.ഇയിലേക്ക് ഇന്ത്യ 1,808 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 2,490 കോടി ഡോളറാണ്.