സര്‍ക്കാര്‍ നയം മാറ്റി, സംസ്ഥാനത്തെ പിവിസി പൈപ്പ് നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍
ജലജീവന്‍ പദ്ധതിക്ക് എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് പിവിസി പൈപ്പ് നിര്‍മാതാക്കള്‍
അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവും കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയത്തിലെ മാറ്റവും കാരണം സംസ്ഥാനത്തെ പി.വി.സി പൈപ്പ് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ഗ്രാമീണമേഖലയിലെ വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ പദ്ധതിയില്‍ പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനാണ് വാട്ടര്‍ അതോറിറ്റി ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി വാട്ടര്‍ അതോറിറ്റുമായി സഹകരിച്ചുവരുന്ന പിവിസി പൈപ്പ് ഉല്‍പ്പാദകരെയാണ് ഇത് ദുരിതത്തിലാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എംഎസ്ഇഎംഇ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിലും പര്‍ച്ചേസ് പ്രിഫറന്‍സ് പോളിസിയിലും പറയുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് വലിയ തുകയ്ക്ക് എച്ച്ഡിപിഇ പൈപ്പുകള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ഓള്‍ കേരള സ്മോള്‍ സ്‌കെയ്ല്‍ പിവിസി മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (എകെഎസ്എസ്പിപിഎംഎ) പറഞ്ഞു.