ഭക്ഷ്യസുരക്ഷ:  ഇറച്ചിക്കോഴികളിൽ കോളിസ്റ്റിൻ ഉപയോഗം നിരോധിക്കും 

Update: 2018-12-04 07:53 GMT

കന്നുകാലികളിലും ഇറച്ചിക്കോഴികളിലും കോളിസ്റ്റിൻ ഉപയോഗം നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇറച്ചിക്കോഴികളിലും മറ്റും അവയുടെ വളർച്ച ത്വരിതപ്പെടുത്താനും തൂക്കം വർധിപ്പിക്കാനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണ് കോളിസ്റ്റിൻ.

മാംസാഹാരങ്ങളിൽ കോളിസ്റ്റിന്റെ സാന്നിധ്യം ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കണ്ടെത്തലുകളെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ചട്ടം നിലവിൽ വന്നാൽ ഇവയ്ക്കുള്ള ആഹാരത്തിലോ കുത്തിവെപ്പ് വഴിയോ ആന്റിബയോട്ടിക്ക് നൽകാൻ പാടില്ല.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ അതോറിറ്റി, കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് മാംസാഹാരത്തിൽ കോളിസ്റ്റിൻ ഉപയോഗം തടയണമെന്ന നിഗമനത്തിൽ എത്തിയത്. നവംബർ 29ന് ചേർന്ന ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ യോഗത്തിൽ ഇവയുടെ ഉപയോഗം നിരോധിക്കണമെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഒരു ആന്റിബയോട്ടിക്കുകളും ഫലിക്കാതെ വരുമ്പോൾ അവസാന ആശ്രയം എന്ന നിലയിലാണ് ഡോക്ടർമാർ രോഗികൾക്ക് കോളിസ്റ്റിൻ നിർദേശിക്കുന്നത്.

കോളിസ്റ്റിന്റെ നിരന്തരമായ സാന്നിധ്യം ശരീരത്തിൽ ഉണ്ടാകുന്നതു മൂലം ഈ ആന്റിബയോട്ടിക്ക് മനുഷ്യർക്ക് ചികിത്സയിൽ ഫലപ്രദമാവാതെ പോകുന്നു എന്നാണ് ഗവേഷകർ പറയുന്നത്. മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾ മൂലം ഒരു വർഷം ലോകത്ത് 7 ലക്ഷം പേരാണ് മരണമടയുന്നത്.

ഇന്ത്യയിൽ വളർത്തുന്ന ഇറച്ചിക്കോഴികളിൽ വലിയ തോതിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം കണ്ടെത്തിയത്. സ്ക്രോൾ.ഇൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലായിരുന്നു ഇതിന്റെ വിശദാംശങ്ങൾ ഉണ്ടായിരുന്നത്.

Similar News