റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടര്‍ വിതരണം, കൂടാതെ സാമ്പത്തിക സേവനങ്ങളും; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്രം

റേഷന്‍കടകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും

Update:2021-10-28 12:32 IST

രാജ്യത്തെ റേഷന്‍കടകളിലൂടെ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. 5 കിലോയുടെ ചെറിയ എല്‍പിജി സിലിണ്ടറുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനാണ് ആലോചന.

റേഷന്‍ കടകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തില്‍ ഭക്ഷ്യ സെക്രട്ടറി സൂധാന്‍ഷു പാണ്ടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
എല്‍പിജി സിലിണ്ടര്‍ വിതരണത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്ന്
പെട്രോളിയം& നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കിയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സബ്‌സിഡിയോടെ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചേക്കും. ബയോമെട്രിക്ക് സംവിധാനം ഉപയോഗിക്കുന്നത് വഴി ഈ മേഖലയിലെ കാര്യക്ഷമതയും ഉറപ്പുവരുത്താനാവും. കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍ ചെറു സിലിണ്ടറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 2.5 കിലോ മുതലുള്ള സിലിണ്ടറുകള്‍ക്ക് 250 രൂപ നിരക്കില്‍ ഗ്യാസ് റീഫില്ലിംഗ് ലഭ്യമാണ്.
വായ്പ ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കാനുള്ള പദ്ധതി കേന്ദ്ര സാമ്പത്തിക സേവന വകുപ്പ്
യോഗത്തില്‍ വിശദീകരിച്ചു. റേഷന്‍ കടകള്‍ വഴി സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന സംസ്ഥാനങ്ങള്‍ക്ക് വകുപ്പ് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. മുദ്ര വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റേഷന്‍കടകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് 5.32 ലക്ഷം റേഷന്‍ കടകളാണ് ഉള്ളത്. പൊതു വിതരണ ശൃംഖലയെ മെച്ചപ്പെടുത്തുന്നതിനൊപ്പം അതുവഴി കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.


Tags:    

Similar News