അദാനി ഗ്രൂപ്പിനു ശേഷം പതഞ്ജലിയിലും: ₹2,400 കോടി നിക്ഷേപവുമായി ജി.ക്യു.ജി

ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 5.86% ഓഹരി സ്വന്തമാക്കിയത്

Update: 2023-07-18 06:26 GMT

Image : Facebook

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പതഞ്ജലി ഫുഡ്‌സില്‍ 5.86% ഓഹരി സ്വന്തമാക്കി അമേരിക്കന്‍ നിക്ഷപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി 2,400കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി മുടക്കിയിരിക്കുന്നത്.

വാങ്ങിയത് പ്രമോട്ടര്‍ ഓഹരികള്‍
നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (Offer for Sale /OFS) വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1,000 രൂപ നിരക്കില്‍ 2.53 കോടി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി ഫുഡ്‌സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പതഞ്ജലി ആയുര്‍വേദയ്ക്ക് അനുമതി നല്‍കിയിരുന്നു. ബി.എസ്.ഇയില്‍ 1,225 രൂപയ്ക്ക് വില്‍പ്പന നടന്നിരുന്ന ഓഹരികള്‍ 18.36 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന നടത്തിയത്.
പതഞ്ജലി ഫുഡ് ഓഹരികള്‍ ഇന്നലെ(ജൂലൈ 17) 2.43% ഉയര്‍ന്ന് 1,254 രൂപയായി. ഇന്നും ഓഹരികള്‍ ഉയര്‍ച്ചയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തുന്നു
യു.എസ് നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഇന്ത്യയിലെ നിക്ഷേപം അടുത്തിടെയായി ഉയര്‍ത്തി വരികയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് കമ്പനികളില്‍ വലിയ നിക്ഷേപം നടത്തിരുന്നു. ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ ബെര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിലെ കൃത്രിമത്വവും ഓഹരി വില ഉയര്‍ത്തി കാണിക്കലും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടതിനു ശേഷമായിരുന്നു ജി.ക്യു.ജിയുടെ നിക്ഷേപം. അതിനു ശേഷവും അദാനി ഗ്രൂപ്പില്‍ ജി.ക്യു.ജി നിക്ഷേപം നടത്തിയിരുന്നു.
കൂടാതെ ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഐ.ടി.സി ലിമിറ്റഡ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയിലും ബാങ്കിംഗ് - ഫിനാന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി ഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് എന്നിവയിലും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്.
Tags:    

Similar News