അറ്റാദായത്തിലും വരുമാനത്തിലും തിളങ്ങി എച്ച്സിഎല്‍ടെക്
അവലോകന പാദത്തില്‍ 17 വലിയ ഇടപാടുകള്‍ കമ്പനി നേടി
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന സ്ഥാപനമായ എച്ച്സിഎല്‍ ടെക് (HCLTech) 2023 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 4,096 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 20 ശതമാനം വര്‍ധനവാണുണ്ടായത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 22,321 കോടി രൂപയില്‍ നിന്ന് 19.61 ശതമാനം വര്‍ധിച്ച് 26,700 കോടി രൂപയായി. കമ്പനിയുടെ അറ്റ വരുമാനം 19.6 ശതമാനം വര്‍ധിച്ച് 26,700 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,331 കോടി രൂപയായിരുന്നു.
കമ്പനിയുടെ വരുമാനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന ഐടി, ബിസിനസ് സേവന വിഭാഗം വാര്‍ഷികാടിസ്ഥാനത്തില്‍ 15.3 ശതമാനം വളര്‍ച്ച നേടി. കമ്പനിയുടെ വരുമാനം തുടര്‍ച്ചയായി 5 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 13.1 ശതമാനവും ഉയര്‍ന്നു. സേവന വിഭാഗത്തില്‍ ഏഴും സോഫ്റ്റ് വെയറില്‍ പത്തും ഉള്‍പ്പടെ അവലോകന പാദത്തില്‍ 17 വലിയ ഇടപാടുകള്‍ നേടിയതായി കമ്പനി അറിയിച്ചു. ഇതിന്റെ മൊത്തം കരാര്‍ മൂല്യം 10 ശതമാനം വര്‍ധനവോടെ 2.35 ബില്യണ്‍ ഡോളറാണ്.
വരുമാന വളര്‍ച്ച, മാര്‍ജിന്‍ വിപുലീകരണം, ബുക്കിംഗ് വളര്‍ച്ച എന്നിങ്ങനെ എല്ലാ പ്രധാന മേഖലകളിലും തങ്ങള്‍ ശക്തമായ പ്രകടനമാണ് ഈ പാദത്തില്‍ കാഴ്ചവെച്ചതെന്ന് എച്ച്‌സിഎല്‍ ടെക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി വിജയകുമാര്‍ പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 10 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
ആഗോള സാമ്പദ് വ്യവസ്ഥ വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന പരിതസ്ഥിതിയിലും യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വരുമാനം ഏകദേശം 20 ശതമാനം വളര്‍ന്നു. കമ്പനിയില്‍ നിന്ന് സ്വമേധയാ പിരിഞ്ഞ്‌പോകുന്ന ജീവനക്കാരുടെ നിരക്ക് സെപ്തംബര്‍ പാദത്തിലെ 23.8 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 21.7 ശതമാനം കുറവ് രേഖപ്പെടുത്തി.
അവലോകന പാദത്തില്‍ കമ്പനി മൊത്തം 2,945 ജീവനക്കാരെ ചേര്‍ത്തു. ഇതോടെ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2,22,270 ആയി.അതേസമയം മൊത്തം വര്‍ഷത്തെ വരുമാന വളര്‍ച്ച 13.5-14 ശതമാനമായി കുറച്ചത് ഓഹരി വിപണിയില്‍ തിരിച്ചടിയായി. നിലവില്‍ 1.81 ശതമാനം ഇടിഞ്ഞ് 1,052.25 രൂപയിലാണ് (10.15 AM) എച്ച്സിഎല്‍ ഓഹരികളുടെ വ്യാപാരം.