ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായത് എങ്ങനെ ?
മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെയും ഇപ്പോള്‍ ഏഷ്യയിലെ തന്നെയും ഒന്നാം സ്ഥാനത്തേക്ക് ഗൗതം അദാനി. അദാനിയുടെ സമ്പത്തിന് ഓരോ മണിക്കൂറും വര്‍ധന.
ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ചെറുകിട ചരക്ക് വ്യാപാരിയില്‍ നിന്നും ലോജിസ്റ്റിക് ബിസിനസും എണ്ണക്കമ്പനിയും തുറമുഖങ്ങളും ഗ്രീന്‍ എനര്‍ജിയും എന്നുവേണ്ട ഇന്ത്യന്‍ വ്യവസായ രംഗത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസിന് ഉടമയായി വളര്‍ന്ന ബിസിനസുകാരനാണ് അദാനി.
ഓരോ മണിക്കൂറും സമ്പത്ത് വര്‍ധിപ്പിക്കുന്ന പണക്കാരനായി അദാനി മാറിയതെങ്ങനെ? വൈവിധ്യമാര്‍ന്ന ബിസിനസും കാശെറിഞ്ഞ് കാശുണ്ടാക്കാന്‍ പോന്ന കൃത്യമായ ഗവേഷണവുമാണിതിന് പിന്നിലെന്ന് വ്യവസായ രംഗത്തെ നിരീക്ഷകര്‍ പറയുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ പട്ടിക പ്രകാരം 59 കാരനായ അദാനിയുടെ ആസ്തി തിങ്കളാഴ്ച 88.5 ബില്യണ്‍ ഡോളറിലെത്തി. മുകേഷ് അംബാനിയുടെ 87.9 ബില്യണ്‍ ഡോളറിനെ മറികടന്നു.
തന്റെ സ്വകാര്യ സമ്പത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ കുതിച്ചുയര്‍ന്നതോടെ, ഈ വര്‍ഷം ഏഷ്യയിലെ ഒന്നാമന്‍ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തി അഥവാ 'വെല്‍ത്ത് ഗെയിനറാ'ണ് അദാനി.
2.9 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും 2070-ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനും രാജ്യം ലക്ഷ്യമിടുമ്പോള്‍ ഹരിത ഊര്‍ജത്തിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും അദാനി നടത്തിയ മുന്നേറ്റം ഫലം കാണുമെന്ന പ്രതീക്ഷയില്‍ ആണ് നിക്ഷേപകര്‍. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന്റെ ചില ലിസ്റ്റഡ് സ്റ്റോക്കുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 600 ശതമാനത്തിലധികം ഉയര്‍ന്നു.
എം എസ് സി ഐ ഇന്‍കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികയിലേക്ക് കൂടുതല്‍ അദാനി കമ്പനികളെ ഉള്‍പ്പെടുത്തുമെന്ന തീരുമാനം പുറത്തുവിട്ടതും ഓഹരികള്‍ക്ക് ഗുണം ചെയ്യും.
അദാനി ഗ്രൂപ്പിന്റെ എഫ്എംസിജി കമ്പനിയായ അദാനി വില്‍മര്‍ ഇന്ന് ലിസ്റ്റിംഗ് നടത്തുകയുമാണ്. ഇതോടെ ഇനിയും അദാനിയുടെ സമ്പത്തിലേക്ക് കോടികള്‍ ചെര്‍ക്കപ്പെടും.