Explained: എങ്ങനെയാണ് NDTV ഓഹരികള്‍ അദാനിയുടെ കൈകളില്‍ എത്തുക ?
വിശ്വപ്രധാനെ ഏറ്റെടുത്തപ്പോള്‍, കരാര്‍ നിബന്ധനകള്‍ നടപ്പാക്കുകയായിരുന്നു അദാനി. ഓപ്പണ്‍ ഓഫറിലൂട കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയാല്‍ രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ നിയന്ത്രണം അദാനിയുടെ കൈകളിലെത്തും
ഇന്നലെയാണ് എന്‍ഡിടിവി ഗ്രൂപ്പിന്റെ (NDTV Group) 29.18 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്ന വിവരം അദാനി എന്റര്‍പ്രൈസസ് (Adani Enterprises) പ്രഖ്യാപിച്ചത്. കൂടാതെ എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ കൂടി ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. അങ്ങനെയാണെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ നിയന്ത്രണം അദാനിയുടെ കൈകളിലെത്തും.
അദാനിയുടെ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും എന്‍ഡിടിവിയുടെ സ്ഥാപകരുമായ രാധിക റോയിയും പ്രണോയ് റോയിയും പ്രഖ്യാപനം വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. അദാനി എന്റര്‍പ്രൈസസിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് (AMG Media Network) ഇന്നലെയാണ് വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ (വിസിപിഎല്‍) 113.74 കോടിക്ക് സ്വന്തമാക്കിയത്. വിസിപിഎല്ലിലൂടെയാണ് (Vishvapradhan Commercial Private Limited) എന്‍ഡിടിവിയുടെ ഓഹരികള്‍ അദാനി ഏറ്റെടുക്കുന്നത്.
വിശ്വപ്രധാനും എന്‍ഡിടിവിയും; തുടക്കമിട്ടത് റിലയന്‍സ്
ആസ്തികളൊന്നും ഇല്ലാത്ത, 2008ല്‍ തുടങ്ങിയ മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയാണ് വിസിപിഎല്‍. 2009ല്‍ എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരികളുള്ള രാധിക റോയി പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന് (RRPR Holding Private ലറ്റ്) ഈടുകളൊന്നും ഇല്ലാതെ 403.85 കോടി രൂപയാണ് വിസിപിഎല്‍ വായ്പ നല്‍കിയത്. മാതൃകമ്പനി ഷീനാനോ റീറ്റെയില്‍ പ്രൈവറ്റ് ലിമിറ്റഡ് (Shinano Retail Private Limited) ആണ് വിസിപിഎല്ലിന് ഈ പണം നല്‍കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് (Reliance) കീഴിലുള്ള ഉപകമ്പനി ആയിരുന്നു ഷിനാനോ.
റിലയന്‍സിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ തന്നെയായിരുന്നു വിസിപിഎല്ലിലെ ഡയറക്ടര്‍മാര്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് നല്‍കിയ വിവരങ്ങള്‍ പ്രകാരം നെക്‌സ്റ്റ് വേവ് ടെലിവെഞ്ച്വറിന് കീഴിലായിരുന്നു വിസിപിഎല്‍. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി ബന്ധമുള്ള കമ്പനിയാണ് നെക്സ്റ്റ് വേവ്.
എന്‍ഡിടിവി വിശ്വപ്രധാനില്‍ നിന്ന് എടുത്ത വായ്പ തിരിച്ച് നല്‍കിയിരുന്നില്ല. 2015-ല്‍ കാരവന്‍ മാഗസിനിലെ റിപ്പോര്‍ട്ട് പ്രകാരം വായ്പ കാലയളവിലോ അതിനു ശേഷമോ, വായ്പയെ രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.9% ഓഹരികളാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലായിരുന്നു കരാറിലെ നിബന്ധനകള്‍. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തപ്പോള്‍ അദാനി ഗ്രൂപ്പ് ഈ കരാര്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
എന്‍ഡിടിവിയിലെ ഓഹരി വിഹിതം
ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് എന്‍ഡിടിവിയില്‍ ഉള്ളത്. 29.18 ശതമാനം ഓഹരികളുള്ള ഇവരുടെ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റേത് ഉള്‍പ്പടെ പ്രമോട്ടര്‍മാര്‍ കൈവശ്യം വെച്ചിരിക്കുന്നത് 61.45 ശതമാനം ഓഹരികളാണ്. എഫ്പിഐ - 14.7 %, ബോഡി കോര്‍പറേറ്റ് - 9.61 % റീട്ടെയില്‍ - 12.57 % മറ്റുള്ളവര്‍ - 1.67 % എന്നിങ്ങനെയാണ് എന്‍ഡിടിവിയുടെ ഓഹരി വിഹിതം.