വിദേശ വ്യാപാരം രൂപയില്‍: വോസ്‌ട്രോ അക്കൗണ്ടുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്ത്യന്‍ കയറ്റുമതി/ഇറക്കുമതിക്കാര്‍ക്ക് വിദേശ കറന്‍സി ഉപയോഗം കുറയ്ക്കാം
കയറ്റുമതിക്കും ഇറക്കുമതിക്കും ഇന്ത്യന്‍ റുപ്പി പ്രയോജനപ്പെടുത്താനും വിദേശ കറന്‍സികളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്ന പുതിയ അക്കൗണ്ട് പദ്ധതി അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്. കയറ്റുമതി/ഇറക്കുമതി ഇടപാടുകള്‍ രൂപയില്‍ നടത്താവുന്ന റുപ്പി വോസ്‌ട്രോ അക്കൗണ്ടാണിത്.
ഇന്‍വോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്കായി രൂപ ഉപയോഗിക്കാം. ഇന്ത്യയുടെ പുതിയ വിദേശ വ്യാപാരനയം-2023 അടിസ്ഥാനമാക്കി വിദേശ ഇടപാടുകള്‍ക്ക് രൂപ കൂടുതലായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരമുള്ളതാണ് വോസ്‌ട്രോ അക്കൗണ്ട്. വിദേശ കറന്‍സിയെ വ്യാപകമായി ആശ്രയിക്കേണ്ടതില്ലെന്നതും രൂപയ്ക്ക് കൂടുതല്‍ പ്രാമുഖ്യം ആഗോളതലത്തില്‍ ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ നേട്ടം. വിദേശ കറന്‍സി ഉഫയോഗിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികളും നൂലാമാലകളും ഒഴിവാകുമെന്ന ഗുണവുമുണ്ട്.
ഇന്ത്യയിലെ അംഗീകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശത്തെ കറസ്‌പോണ്ടന്റ് ബാങ്കിന്റെ റുപ്പി വോസ്‌ട്രോ അക്കൗണ്ട് തുറന്ന് രൂപയില്‍ ഇടപാട് നടത്താം. അമേരിക്ക, കാനഡ, യു.എ.ഇ, സൗദി അറേബ്യ, യു.കെ, ജര്‍മനി, മലേഷ്യ തുടങ്ങി 29 രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം റൂപ്പീ വോസ്‌ട്രോ അക്കൗണ്ടുകള്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ തുറന്നിട്ടുണ്ടെന്ന് ബാങ്കിന്റെ ലാര്‍ജ് ക്ലയന്റ്്‌സ് ഗ്രൂപ്പ് മേധാവി സുമിത് സംഘായ് പറഞ്ഞു.