കുതിപ്പോടെ ഇന്ത്യ, 2022 സാമ്പത്തിക വര്‍ഷത്തില്‍ 417.81 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി
ഇറക്കുമതി 610.22 ബില്യണ്‍ ഡോളറായും ഉയര്‍ന്നു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് കയറ്റുമതിയുമായി ഇന്ത്യ. ആകെ 417.81 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറക്കുമതി 610.22 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. മാര്‍ച്ച് മാസം മാത്രം ചരക്ക് കയറ്റുമതി റെക്കോര്‍ഡ് നിലയായ 40.38 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 59.07 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ചിലെ പ്രതിമാസ വ്യാപാര കമ്മി 18.69 ബില്യണ്‍ ഡോളറാണ്.
സമീപ വര്‍ഷങ്ങളിലായി ഇന്ത്യയുടെ കയറ്റുമതി രംഗത്ത് വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏതാണ്ട് ഒരു ദശാബ്ദക്കാലമായുള്ള വാര്‍ഷിക ചരക്ക് കയറ്റുമതിയുടെ 250 - 330 ബില്യണ്‍ ഡോളര്‍ എന്ന പരിധിയെയാണ് ഇത് മറികടന്നിരിക്കുന്നത്. അതുപോലെ തന്നെ കയറ്റുമതി രംഗത്തെ നമ്മുടെ ആഗോളതലത്തിലെ വിഹിതവും സര്‍വ്വകാല ഉയരത്തിലെത്തി, രണ്ടുശതമാനം കടന്നു.
നേരത്തെ, ഇന്ത്യക്ക് പങ്കാളിത്തം കുറഞ്ഞ പല മേഖലകളിലെയും കയറ്റുമതിയില്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇലക്ട്രോണിക്‌സ് സെക്ടര്‍. ആഗോള ചരക്ക് വ്യാപാരത്തില്‍ മൂല്യം കണക്കാക്കുമ്പോള്‍ ഏറ്റവും വലിയ മേഖലയാണിത്. ഇതുവരെ ഇന്ത്യ ആ രംഗത്ത് ഒന്നുമല്ലായിരുന്നു. എന്നാല്‍ 2021 ല്‍, 16 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഈ രംഗത്ത് നടത്തി. 2018 ലേതിന്റെ ഇരട്ടി. അടുത്ത നാലുവര്‍ഷത്തില്‍ വളരെ ആവേശോജ്ജ്വലമായ ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് രംഗത്തെ കയറ്റുമതി നാലുവര്‍ഷത്തിനുള്ളില്‍ 110 ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം.
ഫൈന്‍ കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് രംഗങ്ങളിലും കയറ്റുമതി നല്ല രീതിയില്‍ പുരോഗമിക്കുന്നു. പല മേഖലകളിലും, ചൈനയില്‍ നിന്ന് മാനുഫാക്ചറിംഗ് പുറത്തേക്ക് പോവുകയും ഇന്ത്യ ആ രംഗങ്ങളില്‍ വിശ്വസ്തനായ ഒരു ബദല്‍ രാജ്യമായി ഉയര്‍ന്നുവരികയും ചെയ്യുന്നു. പിഎല്‍ഐ പോലുള്ള പദ്ധതികള്‍ കൂടി ഇതിനൊപ്പം ചേരുമ്പോള്‍ നാളുകള്‍ കഴിയുന്തോറും കയറ്റുമതിയില്‍ ഗണ്യമായ സംഭാവന ഇവരില്‍ നിന്നുണ്ടാകും.