93.3 % ഇടിവ്, ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ ഫണ്ട് കണ്ടെത്താനാവുന്നില്ല

2003ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്

Update: 2022-10-14 07:37 GMT

ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സമാഹരിക്കുന്ന വായ്പ തുക കുത്തനെ ഇടിഞ്ഞു. 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ (മൂന്നാം പാദം) 210 മില്യണ്‍ ഡോളര്‍ മാത്രമാണ് കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ചത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ 3.1 ബില്യണ്‍ ഡോളര്‍ സമാഹരിച്ച സ്ഥാനത്താണിത്.

93.3 ശതമാനത്തിന്റെ കുറവാണ് ഫണ്ടിംഗില്‍ ഉണ്ടായത്. 2003ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. കറന്‍സി മൂല്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍, യുഎസില്‍ പലിശ നിരക്ക് ഉയരുന്നത്, ഇന്ത്യയിലെ പണ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് ധനസമാഹരണത്തെ ബാധിച്ചത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് വിദേശത്ത് പണം കണ്ടെത്തിയത്

വിദേശ വായ്‌പെയെടുക്കല്‍ കമ്പനികള്‍ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 7 കമ്പനികള്‍ ചേര്‍ന്ന് 1.69 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ 13 കമ്പനികള്‍ ചേര്‍ന്ന് 6.9 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഏഷ്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ (venture capital funding) ഇന്ത്യയുടെ വിഹിതത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്.

2022ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍ ) 29.8 ബില്യണ്‍ ഡോളറായിരുന്ന വിഹിതം ജൂലൈ-സെപ്റ്റംബറില്‍ 22 ശതമാനം ഇടിഞ്ഞ് 20.1 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം ഫണ്ടിംഗില്‍ ചൈനയുടെ വിഹിതം മുന്‍പാദത്തെ അപേക്ഷിച്ച് 42 ശതമാനമായി ഉയര്‍ന്നു. മൂന്നാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നിക്ഷേപമായി നേടിയ കമ്പനി upGrad (210 മില്യണ്‍ ഡോളര്‍) ആണ്. ലെന്‍സ്‌കാര്‍ട്ട് ( 200 മില്യണ്‍ ഡോളര്‍) ആണ് രണ്ടാമത്. അതേ സമയം ചൈനയിൽ ഏറ്റവും ഉയര്‍ന്ന നിക്ഷേപം Sesame Technologies ന് ലഭിച്ച 500 മില്യണ്‍ ഡോളറിന്റേതാണ്.

Tags:    

Similar News