ഇലക്ട്രിക് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് നല്ലകാലം വിപണിയില്‍ കണ്ണുവെച്ച് റിലയന്‍സും ടെസ്ലയും
ഇവി സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമൊഴുകുന്നതിനൊപ്പം വന്‍കിട കമ്പനികളും വൈദ്യുത വാഹന വിപണി പിടിക്കാന്‍ തയാറെടുക്കുകയാണ്
രാജ്യത്തെ വൈദ്യുത വാഹന വിപണി കുതിപ്പിലേക്ക്. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശത്തു നിന്നടക്കം ഫണ്ട് ഒഴുകിയെത്തുമ്പോള്‍ തന്നെ റിലയന്‍സ്, ടെസ്ല പോലുള്ള വന്‍കിട കമ്പനികളും കടന്നുവരികയാണ്. ഓട്ടോമൊബീല്‍ കമ്പനികളും മാറി നില്‍ക്കുന്നില്ല. സുസ്ഥിരമായ ഭാവിക്ക് ഇലക്ട്രിക് വെഹിക്ക്ള്‍സാണ് അനുയോജ്യമെന്ന തിരിച്ചറിവില്‍ കേന്ദ്ര സര്‍ക്കാരടക്കം ഈ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം വലുതാണ്. ഒല ഇലക്ട്രിക് അടക്കമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നേടിയത് ദശലക്ഷക്കണക്കിന് ഡോളറാണ്. വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് 300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ടെമാസെക്, സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവയാണ് ഫണ്ട് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങളുടെ റീറ്റെയ്ല്‍ മാര്‍ക്കറ്റ്‌പ്ലേസായ ബ്ലൈവ് ഒരു ദശലക്ഷം ഡോളര്‍ ഫണ്ട് നേടി. ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ് വര്‍ക്ക്‌സ്, മുംബൈ ഏയ്ഞ്ചല്‍സ്, ക്രെഡിറ്റ് വൈസ്് കാപിറ്റല്‍, ലെറ്റ്‌സ് വെഞ്ച്വര്‍ എന്നിവയാണ് ഫണ്ട് നല്‍കുക. ഇലക്ട്രിക് വെഹിക്കള്‍ ഡെവലപറായ യൂലര്‍ മോട്ടോഴ്‌സാകട്ടെ 4 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി. ഇവന്റസ് കാപിറ്റല്‍ ഇന്ത്യ, ജെട്ടി വെഞ്ചേഴ്‌സ്, എമര്‍ജന്റ് വെഞ്ച്വേഴ്‌സ്, ബ്ല്യൂം വെഞ്ചേഴ്‌സ്, ഇവി2 വെഞ്ചേഴ്‌സ് എന്നിവരാണ് നിക്ഷേപം നടത്തുന്നത്.