രാജ്യത്തേക്കുള്ള സ്വര്‍ണം ഇറക്കുമതി കുറഞ്ഞു

26 ശതകോടി ഡോളറിന്റെ സ്വര്‍ണവും 781 ദശലക്ഷം ഡോളറിന്റെ വെള്ളിയും നടപ്പ് സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്തു

Update: 2021-03-22 10:17 GMT

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ കാലയളവില്‍ രാജ്യത്തേക്ക് സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്. 3.3. ശതമാനം ഇടിവോടെ 26.11 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈ കാലയളവില്‍ നടന്നത്. സ്വര്‍ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാര കമ്മി കുറയാനും ഇടയായെന്ന് വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കഴിഞ്ഞ 11 മാസത്തെ വ്യാപാര കമ്മി 84.62 ശതകോടി ഡോളറായിരുന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 151.37 ശതകോടി ഡോളറായിരുന്നു വ്യാപാര കമ്മി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ജൂവല്‍റി മേഖലയിലേക്കാണ് ഇറക്കുമതിയുടെ ഭൂരിഭാഗവും പോകുന്നത്. ഏകദേശം 800-900 ടണ്‍ സ്വര്‍ണമാണ് ഓരോ വര്‍ഷവും രാജ്യത്ത് എത്തുന്നത്.
ജെംസ് ആന്‍ഡ് ജൂവല്‍റി കയറ്റുമതിയും നടപ്പ് സാമ്പത്തിക വര്‍ഷം കുറഞ്ഞിട്ടുണ്ട്. 22.40 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 33.86 ശതമാനം കുറവാണിത്.
അതേസമയം ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. 5.3 ശതകോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.36 ശതകോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.
കഴിഞ്ഞ 11 മാസത്തിനിടയില്‍ വെള്ളി ഇറക്കുമതിയില്‍ 70.3 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്. 780.75 ദശലക്ഷം ഡോളറിന്റെ വെള്ളിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.




Tags:    

Similar News