ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യൻ റുപ്പിക്ക് ആവശ്യക്കാരില്ലെന്ന് കേന്ദ്രം, എല്ലാവർക്കും ഡോളർ മതി!
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുത്തനെ കുറഞ്ഞിട്ടുണ്ട്
രാജ്യാന്തര വ്യാപാര ഇടപാടുകൾക്ക് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളുടെ ഉപയോഗം കുറയ്ക്കാനും ഇന്ത്യൻ റുപ്പിയിൽ ക്രയവിക്രയം വർധിപ്പിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നീക്കങ്ങൾ പാളുന്നു. ഇടക്കാലത്ത് റഷ്യയും യു.എ.ഇയും ഡോളറിന് പകരം രൂപ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഡോളറിൽ തന്നെ വ്യാപാരം മതിയെന്ന് വ്യക്തമാക്കുകയായിരുന്നു.
ഒട്ടുമിക്ക ക്രൂഡോയിൽ കയറ്റുമതി രാജ്യങ്ങളുമായും ഇന്ത്യക്കുള്ളത് വ്യാപാരക്കമ്മിയാണ്. ഫലത്തിൽ, രൂപ വാങ്ങിക്കൂട്ടുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് എണ്ണ കയറ്റുമതി രാജ്യങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല, രൂപയിൽ ഇടപാട് നടത്തുമ്പോൾ ഇടപാട് ചെലവും (Transactional Cost) കൂടുതലാണെന്ന് കയറ്റുമതി രാജ്യങ്ങളും ഇന്ത്യൻ ഓയിൽ അടക്കമുള്ള എണ്ണ ഇറക്കുമതിക്കമ്പനികളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ ക്രൂഡോയിൽ വ്യാപാരത്തിൽ രൂപയിൽ ഇടപാട് നടത്താൻ കയറ്റുമതി രാജ്യങ്ങളാരും താത്പര്യപ്പെടുന്നില്ലെന്ന് പാർലമെന്ററി സ്ന്റാൻഡിംഗ് കമ്മിറ്റിയെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
2022 ജൂലൈയിലാണ് ക്രൂഡോയിൽ ഇടപാട് രൂപയിൽ നടത്താനും കയറ്റുമതി രാജ്യത്ത് വോസ്ട്രോ അക്കൗണ്ട് തുറക്കാനും റിസർവ് ബാങ്ക് അനുമതി നൽകിയത്. ഡോളറടക്കമുള്ള വിദേശ കറൻസികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, രൂപയുടെ ഉപയോഗം വർദ്ധിപ്പിച്ച് മൂല്യവും പ്രാധാന്യവും കൂട്ടുക, ഇക്കാര്യങ്ങൾ വഴി കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുക തുടങ്ങിയവയായിരുന്നു കേന്ദ്ര ലക്ഷ്യങ്ങൾ. ഇന്ത്യയുടെ വിദേശനാണ്യ വരുമാനവും വിദേശനാണ്യച്ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.
കുറയുന്ന ക്രൂഡോയിൽച്ചെലവ്
ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ സാമ്പത്തിവർഷം (2022-23) ഇന്ത്യ 232.7 ദശലക്ഷം ടൺ ക്രൂഡോയിൽ പുറത്തുനിന്ന് വാങ്ങി; ഇതിനായി ചെലവിട്ട തുകയാകട്ടെ 15,750 കോടി ഡോളറാണ് (ഏകദേശം 13.10 ലക്ഷം കോടി രൂപ).
നടപ്പുവർഷം (2023-24) ഏപ്രിൽ-നവംബറിൽ പക്ഷേ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറഞ്ഞിട്ടുണ്ട്. 13,340 കോടി ഡോളറിൽ നിന്ന് 8,710 കോടി ഡോളറായാണ് കുറഞ്ഞത്. അതായത് 11.11 ലക്ഷം കോടി രൂപയിൽ നിന്ന് 7.25 ലക്ഷം കോടി രൂപയായി കുറഞ്ഞു. റഷ്യ, ഇറാക്ക്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയിൽ വാങ്ങുന്നത്.
റഷ്യ-യുക്രെയിൻ യുദ്ധത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതലായി എണ്ണ വാങ്ങിത്തുടങ്ങിയത്. തുടക്കത്തിൽ ബാരലിന് വിപണിവിലയിൽ 30 ഡോളർ വരെ ഡിസ്‌കൗണ്ട് ഇന്ത്യക്ക് റഷ്യ നൽകിയിരുന്നു. ഇപ്പോഴത് ബാരലിന് 5-6 ഡോളറായി കുറഞ്ഞിട്ടുണ്ട്.