വൻ റിക്രൂട്ട്മെൻ്റിനൊരുങ്ങി ഇന്ത്യൻ വമ്പന്മാർ

കൂടുതൽ പേർക്ക് ജോലി നല്കാൻ ഒരുങ്ങി ടാറ്റാസ്, ബിർലാസ്, റിലയൻസ്, ഐടിസി

Update:2021-01-15 13:12 IST

വാക്‌സിൻ നടപടികളുടെ ഫലമായുണ്ടായ ശുഭാപ്തി വിശ്വാസത്തിൻറേം സാമ്പത്തിക തിരിച്ചു വരവിന്റെ പ്രതീക്ഷയിലും ഇന്ത്യയിലെ പല മുൻനിര കമ്പനികളും കൂടുതൽ പേർക്ക് തൊഴിൽ നല്കാൻ തയ്യാറെടുക്കുന്നവെന്നു റിപോർട്ടുകൾ.

ടാറ്റാസ്, ബിർലാസ്, റിലയൻസ്, ഐടിസി തുടങ്ങിയ കമ്പനികൾ വരും മാസങ്ങളിൽ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

നിയമനങ്ങളിൽ ഭൂരിഭാഗവും എൻട്രി അല്ലെങ്കിൽ ജൂനിയർ തലത്തിലായിരിക്കുമെന്ന് എച്ച്ആർ മാനേജർമാർ പറയുന്നു.

ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഡിസംബർ പാദത്തിൽ 15,721 പേരെ ആണ് പുതുതായി ജോലിക്കെടുത്തു റെക്കോർഡ് ഇട്ടത്. മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളും കൂടുതൽ പേർക്ക് ജോലി നൽകാനുള്ള ശ്രമത്തിലാണ്.

"2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ജീവനക്കാരുടെ എണ്ണം ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്," ടിസിഎസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി രാമകൃഷ്ണൻ പറഞ്ഞു.

അടുത്തിടെ സെൻട്രൽ വിസ്റ്റ പ്രോജക്റ്റ് സ്വന്തമാക്കിയ ടാറ്റ പ്രോജെക്ട്സ് ഉടൻ തന്നെ കൂടുതൽ പേരെ ജോലിക്കെടുക്കും.

മറ്റൊരു പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് ഈ വർഷം 24,000 ഫ്രെഷർമാരെ ജോലിക്കെടുക്കും.
ആദിത്യ ബിർള ഗ്രൂപ്പ് അവരുടെ വിവിധ കമ്പനികളിലേക്കായി പുതിയ ആളുകളെ ജോലിക്കെടുക്കുമെന്ന് ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.

റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നി കമ്പനികളിലും കൂടുതൽ റിക്രൂട്ട്മെന്റ് ഉടനെ നടക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

കൂടുതൽ പേർക്ക് ജോലി നൽകാൻ തയാറെടുക്കുന്ന മറ്റൊരു മേഖലയാണ് ഓട്ടോ.

"ബി-സ്കൂളുകളിൽ നിന്നും എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ഞങ്ങൾ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി പോകും. പുതിയ ജോലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. സാധാരണ ഇത് 250-300 വരെയാണ്,'' മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും (എച്ച്ആർ, ഐടി) എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ രാജേഷ് ഉപ്പൽ പറഞ്ഞു.

മാരുതി സുസുക്കി 40-50 സ്ഥാപങ്ങളിലാണ് സാധാരണ ജോലിക്കായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. "എല്ലാ വർഷവും ഞങ്ങൾ സാങ്കേതിക രംഗത്തും അല്ലാതെയുമുള്ള റിക്രൂട്മെന്റ് നടത്തുന്നു. ഉൽപ്പാദനം, ആർ & ഡി, ക്വാളിറ്റി മാനേജ്മെന്റ്, ഐടി സേവനങ്ങൾ എന്നി മേഖലകളിൽ ആണ് എഞ്ചിനീയർമാരെ തിരഞ്ഞെടുക്കുന്നത്," അദ്ദേഹം പറഞ്ഞു.

മാർക്കറ്റിംഗ്, സെയിൽസ്, ലോജിസ്റ്റിക്സ്, എച്ച്ആർ വെർട്ടിക്കലുകൾ എന്നിവയിൽ എം‌ബി‌എ ബിരുദധാരികൾക്കും മാരുതി ജോലി കൊടുക്കുന്നു.

ഉൽ‌പാദനത്തിൽ ഉണ്ടായ വർദ്ധനിവിനെ തുടർന്ന് ഹ്യൂണ്ടായ്, നിസ്സാൻ എന്നി കമ്പനികളും കൂടുതൽ ജോലിക്കാരെ എടുക്കാനുള്ള ശ്രമത്തിലാണ്.

2020 ഡിസംബറിൽ 71,178 യൂണിറ്റുകളുമായി ഹ്യുണ്ടായ് എക്കാലത്തെയും ഉയർന്ന ഒരു മാസത്തെ ഉത്പാദനമാണ് കൈവരിച്ചത്. കൊറോണക്ക് ശേഷം 2000 ത്തിലധികം പേരെ കമ്പനി റിക്രൂട്ട് ചെയ്തു.

അതിനിടെ , ജാപ്പനീസ് കാർ നിർമ്മാതാവ് നിസ്സാൻ അവരുടെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ഒറഗഡാം കേന്ദ്രത്തിൽ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുകയും ആയിരത്തിലധികം പേരെ നിയമിക്കുകയും ചെയ്തു.

2021ൽ കൂടുതൽ ആളുകളെ നിയമിക്കാൻ പദ്ധതിയുണ്ടെന്ന് അശോക് ലെയ്‌ലാൻഡിന്റെ പ്രസിഡന്റ് എൻവി ബാലചന്ദർ ബിസിനിസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. ഡാറ്റാ അനലിറ്റിക്സ്, ഉൽ‌പന്ന വികസനം, ഡിസൈൻ, എ‌ഐ എന്നി മേഖലകളിലാകും അവസരങ്ങൾ.

കണക്കുകൾ പൂർണമായും പുറത്തു വന്നിട്ടില്ലെങ്കിലും കഴിഞ്ഞ പാദത്തിലെ ഫലങ്ങൾ പല കമ്പനികൾക്കും അനുകൂലമായത് കൊണ്ടാണ് കൂടുതൽ ജീവനക്കാരെ ജോലിക്കെടുക്കുന്നതെന്നു നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

എന്നാൽ ഇടത്തരം കമ്പനികളിൽ റിക്രൂട്മെന്റ് അത്ര ശക്തമല്ല എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജീവനക്കാരെ ചേർക്കുന്നതിനുമുമ്പ് ബിസിനസ്സ് വികാരം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ഈ കമ്പനികൾ പ്രതീക്ഷിക്കുന്നു.


Tags:    

Similar News