തൊഴില്‍ വീസയില്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയുടെ കടിഞ്ഞാണ്‍; മലയാളികള്‍ക്കും തിരിച്ചടിയാകും

തൊഴില്‍ സാധ്യത കുറയും; പാകിസ്ഥാനികള്‍ക്കും തിരിച്ചടി

Update: 2024-01-20 06:30 GMT

NEWS UPDATE : പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ 20% വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്ന പുതിയ നിര്‍ദേശം യു.എ.ഇ തത്കാലത്തേക്ക് വേണ്ടെന്നുവച്ചതായി റിപ്പോര്‍ട്ട്. വിശദവിരങ്ങള്‍ക്ക് വായിക്കുക : ഇന്ത്യന്‍ പ്രവാസികള്‍ക്ക് കടിഞ്ഞാണിടാനുള്ള തൊഴില്‍ വീസ ചട്ടം റദ്ദാക്കി യു.എ.ഇ


സ്ഥാപനങ്ങളുടെ തൊഴില്‍ വിസയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കണമെന്ന നിയമം കര്‍ശനമാക്കി യു.എ.ഇ.  മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന നീക്കമാണിതെന്നാണ് വിലയിരുത്തുന്നത്. യു.എ.ഇയിലെ നിരവധി കമ്പനികളില്‍ ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്. ഇതില്‍ തന്നെ നല്ലൊരു പങ്ക് മലയാളികളുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇനി 20 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായും മാറ്റിവയ്ക്കണം.

ഗ്ലോബല്‍ മീഡിയ ഇന്‍സൈറ്റിന്റെ ജനസംഖ്യാ കണക്കുകളനുസരിച്ച് മൊത്തം 1.03 കോടിയാണ് യു.എ.ഇയുടെ ജനസംഖ്യ. ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണ്. യു.എ.ഇയിലെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 38.9 ലക്ഷം വരും. മൊത്തം ജനസംഖ്യയുടെ 37.96 ശതമാനമാണിത്. 17.1 ലക്ഷം പാകിസ്ഥാനികളുമുണ്ട്. അതായത് ജനസംഖ്യയുടെ 16.72 ശതമാനം.

വീസ പുതുക്കലിനെ  ബാധിക്കും

ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ജോലിക്കാരുടെ വീസ പുതുക്കലിനെ ഈ നീക്കം ബാധിക്കും. മാത്രമല്ല ഇവിടെ നിന്നുള്ളവര്‍ക്ക് പുതിയ തൊഴിലവസരങ്ങളിലും കുറവ് വരും. ഇനി തൊഴിലിനായി ഏതെങ്കിലും യു.എ.ഇ സ്ഥാപനത്തെ സമീപിക്കുമ്പോള്‍ ഇന്ത്യയ്ക്കുള്ള 20 ശതമാനം കഴിഞ്ഞോ എന്ന് കൂടി അന്വേഷിച്ച് ഉറപ്പാക്കണം. പരിധി കഴിഞ്ഞാല്‍ പിന്നെ വീസ അനുവദിക്കാന്‍ ആ കമ്പനിക്ക് സാധിക്കില്ല.
ഫ്രീസോണ്‍ ജീവനക്കാര്‍, പുതിയ കമ്പനികള്‍, ആഭ്യന്തര ജോലിക്കാര്‍ എന്നിവയ്ക്ക് പുതിയ നിയമം ബാധകമല്ല. ഒരു രാജ്യത്തിനും നിയന്ത്രണമേര്‍പ്പെടുത്തുകയല്ലെന്നും വിവിധ രാജ്യക്കാര്‍ക്ക് ഒരേപോലെ തൊഴില്‍ സാധ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.
Tags:    

Similar News