ഇന്ത്യൻ ഓയിലും തുടങ്ങി, ഹോം ഡെലിവറി സർവീസ്

Update: 2019-01-04 09:50 GMT

ആവശ്യക്കാർക്ക് ഇന്ധനം വീട്ടുപടിക്കൽ എത്തിക്കുന്ന മൊബൈൽ ഡിസ്പെൻസർ  സേവനം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ. തുടക്കത്തിൽ ചെന്നൈയിലാണ് സേവനം ലഭ്യമാക്കുക. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു എണ്ണക്കമ്പനി മൊബൈൽ ഡിസ്പെൻസർ അവതരിപ്പിക്കുന്നത്. 

നിലവിൽ വലിയ അളവിൽ ഇന്ധനം വാങ്ങുന്ന വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കുമാണ് ഡോർസ്റ്റെപ് ഡെലിവറി. 6,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഇതിനായി ഉപയോഗിക്കുന്നത്.

സാധാരണഗതിയിൽ ഉപഭോക്താക്കൾ പെട്രോൾ പമ്പുകളിൽ ചെന്ന് വലിയ കണ്ടെയ്നറുകളിൽ ഇന്ധനം നിറച്ച് കൊണ്ടുവരികയാണ് പതിവ്. ഇത് പലപ്പോഴും ഇന്ധനം പാഴായിപ്പോകാനും മറ്റും ഇടവരുത്താറുണ്ട്. 

ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഓയിലിന്റെ മൊബീൽ ആപ്പ് വഴി ഓർഡർ നൽകാം. മൊബൈൽ ഡിസ്പെൻസർ സേവനം ലഭിക്കണമെങ്കിൽ കുറഞ്ഞത് 200 ലിറ്ററെങ്കിലും ഓർഡർ ചെയ്യണം.      

ഓർഡർ ലഭിച്ചു കഴിഞ്ഞാൽ മൊബൈൽ ഡിസ്പെൻസർ സ്ഥലത്തെത്തും. ഇന്ധനം ഡിസ്പെൻസറിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന പ്രക്രിയ ഓട്ടോമേറ്റഡ് ആണ്. സുരക്ഷാ സംവിധാനങ്ങളും അഗ്‌നിശമന ഉപകരണങ്ങളും വാഹനത്തിൽ തന്നെയുണ്ട്.

ഇന്ധനം നല്കിക്കഴിഞ്ഞാൽ ഉപഭോക്താവിന് ഇ-ബില്ലും എസ്എംഎസും ലഭിക്കും. 

Similar News