രാജ്യത്തെ റീറ്റെയ്ല്‍ വിഭാഗം മെച്ചപ്പെട്ട വളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്
ഭക്ഷ്യ-പലചരക്ക് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും രാജ്യത്തെ ഡി2സി വിഭാഗത്തിന്റെ വില്‍പ്പന വളര്‍ച്ചയെ നയിക്കുന്നത്
ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2019-20 സാമ്പത്തിക വര്‍ഷത്തിലെ 830.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26ഓടെ 1,225 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-കൊമേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ നേറ്റീവ് സമ്മിറ്റിലെ 'ദി ഫ്യൂച്ചര്‍ ഓഫ് ഇ-കൊമേഴ്സ്' റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഭക്ഷണം പലചരക്ക് സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നതോടെ ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവിൽ 10% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ (CAGR) മെച്ചപ്പെടുമെന്ന് ഇ.ടി റീറ്റെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇ-റീറ്റെയ്ല്‍ വളര്‍ച്ച മെച്ചപ്പെട്ട് തന്നെ
കോവിഡ് സമയത്ത് റീറ്റെയ്ല്‍ മേഖലയുടെ വളര്‍ച്ച മന്ദഗതിയിലായെങ്കിലും ഓണ്‍ലൈന്‍ വഴിയുള്ള റീറ്റെയ്ല്‍ വില്‍പ്പന മെച്ചപ്പെട്ട് തന്നെ നിന്നു. നിലവില്‍ രണ്ടാം നിര നഗരങ്ങളിലെ വില്‍പ്പന ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങിയ കാരണങ്ങളാല്‍ ഇന്ത്യയിലെ ഇ-റീറ്റെയ്ല്‍ വളര്‍ച്ചയുടെ വളരെ മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മുന്നില്‍ നില്‍ക്കുന്നത് ഇവ
നിലവില്‍ ഇ-കൊമേഴ്സ് വിഭാഗത്തിലേക്ക് 20% സംഭാവന ചെയ്യുന്ന 15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഡി2സി (Direct-to-consumer) വിഭാഗം 2025-26 സാമ്പത്തിക വര്‍ഷത്തോടെ 45% സി.എ.ജി.ആറില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ-പലചരക്ക് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും രാജ്യത്തെ ഡി2സി വിഭാഗത്തിന്റെ വില്‍പ്പന വളര്‍ച്ചയെ നയിക്കുന്നത്. ഇതില്‍ പാക്കേജ്ഡ് ഫുഡ് പോലുള്ള മുന്‍നിര ഉപവിഭാഗങ്ങളും ഫ്രഷ് മീറ്റ് ഡെലിവറി, ക്ലൗഡ് കിച്ചണുകള്‍ എന്നിവ പോലുള്ള ഉയര്‍ന്നുവരുന്നതും പ്രധാനവുമായ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഫാഷന്‍, ലൈഫ്സ്റ്റൈല്‍, സൗന്ദര്യ സംരംക്ഷണം, വ്യക്തിഗത പരിചരണം തുടങ്ങിനയാണ് വില്‍പ്പന വളര്‍ച്ചയില്‍ രണ്ടാമത്തെ വലിയ വിഭാഗം.