രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ടിന് പിന്നില്‍ മലയാളി കമ്പനി

ആലപ്പുഴയില്‍ നവഗതിയുടെ പാണാവള്ളി യാഡിലാണ് ബോട്ട് നിര്‍മാണം പൂര്‍ത്തിയായത്

Update:2023-12-14 16:27 IST

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ട്ട്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡുമായി സംയുക്തമായി വികസിപ്പിച്ച സോളാര്‍ ഇലക്ട്രിക് ബോട്ട് ബരക്കുഡ നീറ്റിലിറക്കി. പരിസ്ഥിതി സൗഹൃദ സമുദ്ര ഗതാഗതത്തില്‍ രാജ്യത്തിന്റെ പുതിയ കുതിപ്പാണ്. കടലില്‍ ചാട്ടുളി പോലെ പായുന്ന നീണ്ട മത്സ്യമായ ബരക്കുഡയുടെ പേരാണ് വേഗത മുന്‍ നിര്‍ത്തി ഈ സങ്കേതിക വിഭാഗം ബോട്ടിന് നല്‍കിയിരിക്കുന്നത്.

ആലപ്പുഴയില്‍ നവഗതിയുടെ പാണാവള്ളി യാഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ മസഗോണ്‍ ഡോക്ക് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ സഞ്ജയ് കുമാര്‍ സിംഗ്, നവാള്‍ട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി, എം ഡി എല്‍  അഡീഷണല്‍ ജനറല്‍ മാനേജര്‍ ദേവി നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹേമന്ത് രാത്തോഡ് എന്നിവര്‍ പങ്കെടുത്തു.

കാര്യക്ഷമത, ശരിയായ ഊർജ ഉപയോഗം, പരിസ്ഥിതി സൗഹൃദ പ്രവർത്തനം എന്നിവ സംയോജിപ്പിച്ച് സമാനതകളില്ലാത്ത പ്രവര്‍ത്തന മികവ് കാഴ്ചവെക്കുന്നതാണ് ഇതെന്ന് സന്ദിത് തണ്ടാശേരി പറഞ്ഞു.

12 നോട്ടിക്കല്‍ മൈല്‍ ഉയര്‍ന്ന വേഗതയും ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ റേഞ്ചും ഇതിനുണ്ട്. 14 മീറ്റര്‍ നീളവും 4.4 മീറ്റര്‍ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു മറൈന്‍ ഗ്രേഡ് എല്‍.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാര്‍ പവര്‍ എന്നിവയുടെ ശക്തി ഉള്‍ക്കൊള്ളുന്നതാണ്.

''ബരക്കുഡയില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. ശബ്ദം, വൈബ്രേഷന്‍, മലിനീകരണം എന്നിവയില്ലാത്തതാണ് യാത്ര. നാല് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ബരക്കുഡ''.സന്ദിത് തണ്ടാശേരി പറഞ്ഞു.

നവാള്‍ട്ടിന്റെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകള്‍ സാങ്കേതിക വിദ്യയ്ക്കും ഡിസൈന്‍ വിസ്മയത്തിനും കാര്‍ബണ്‍ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പായി 2023 ബെര്‍ലിന്‍ സ്റ്റാര്‍ട്ടപ്പ് എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ഡ്, രണ്ട് തവണ ഗുസ്താവ് ട്രൂവ് അവാര്‍ഡ് എന്നിവ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.


Tags:    

Similar News