'പൊള്ളുന്ന' വില; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയതും ആഗോള സാമ്പത്തിക അസ്ഥിരതയും സ്വര്‍ണ വില ഉയര്‍ത്തുന്നു

Update: 2023-05-06 06:15 GMT

സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറുമ്പോള്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. 2023 മാര്‍ച്ച് പാദത്തില്‍ സ്വര്‍ണ ഡിമാന്‍ഡ് 17 ശതമാനം ഇടിഞ്ഞ് 112 ടണ്ണിലേക്കെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 135 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്. 2020 ലെ കോവിഡ് കാലയളവ് മാറ്റി നിര്‍ത്തിയാല്‍ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണിത്. മൂല്യമടിസ്ഥാനത്തില്‍ സ്വര്‍ണ ഡിമാന്‍ഡ് ഒമ്പത് ശതമാനം ഇടിഞ്ഞ് 56,220 കോടി രൂപയായി കുറഞ്ഞു.

ആഭരണങ്ങള്‍ക്കും ഡിമാന്‍ഡ് കുറവ്‌

ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡും ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യു.ജി.സി)കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഭരണ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തെ 94 ടണ്ണില്‍ നിന്ന് 78 ടണ്‍ ആയി കുറഞ്ഞു. 17 ശതമാനമാണ് ഇടിവ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 428 കോടി രൂപയുടെ വില്‍പ്പനയുണ്ടായിരുന്നത് 390 കോടി രൂപയായി. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നതിലും കുറവു വന്നു. കഴിഞ്ഞ വര്‍ഷം 41 ടണ്‍ സ്വര്‍ണം നിക്ഷേപിച്ച സ്ഥാനത്ത് മാര്‍ച്ച് പാദത്തില്‍ 34 ടണ്‍ മാത്രമാണ് നിക്ഷേപത്തിനായി വാങ്ങിയത്.

അതേ സമയം സ്വര്‍ണ വില ഉയര്‍ന്നതു മൂലം പലരും പഴയ സ്വര്‍ണം മാറ്റി വാങ്ങാനെത്തിയത് റീസൈക്കിള്‍ ചെയ്യുന്ന സ്വര്‍ണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാക്കി. അടുത്തിടെ അക്ഷയ തൃതീയ ഉത്സവനാളുകളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടിയില്ലെങ്കിലും പഴയ സ്വര്‍ണം മാറ്റാന്‍ കൂടുതല്‍ പേര്‍ താല്‍പര്യം കാണിച്ചിരുന്നു. ഇത് സ്‌ക്രാപ്പ് സ്വര്‍ണത്തിന്റെ അളവ് 25 ശതമാനം ഉയര്‍ത്തി 35 ടണ്ണിലെത്തിച്ചു. സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ അതേ നിലയിലാണ്. മാര്‍ച്ച് പാദത്തില്‍ 134 ടണ്ണിന്റെ സ്വര്‍ണ ഇറക്കുമതി നടന്നു. അതേ സമയം, ശുദ്ധ സ്വര്‍ണത്തിന്റെ ഇറക്കുമതി 41 ശതമാനം ഇടിഞ്ഞ് 30 ടണ്‍ ആയി. മുന്‍ വര്‍ഷം സമാനകാലയളവിലിത് 52 ടണ്‍ ആയിരുന്നു.
ഡിസംബറോടെ കരകയറും
2010 നു ശേഷം(കോവിഡ് കാലം ഒഴിച്ച്) സ്വര്‍ണ ഡിമാന്‍ഡ് ആദ്യ പാദത്തില്‍ 100 ടണ്ണിനു താഴേക്ക് പോകുന്നത് ഇത് നാലാം തവണയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഉയര്‍ന്ന വിലയും വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. യു.എസിലെ പലിശ നിരക്ക് ഉയര്‍ന്നതും ആഗോള സാമ്പത്തിക അസ്ഥിരതയും 10 ഗ്രാം സ്വര്‍ണത്തിന്റെ വില 60,000 രൂപയ്ക്കു മുകളില്‍ എത്തിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിലധികമാണ് വര്‍ധന. മാര്‍ച്ച് പാദത്തില്‍ സ്വര്‍ണത്തിന്റെ ചില്ലറ വില്‍പ്പന വില 10 ഗ്രാമിന് 26 ശതമാനം വര്‍ധിച്ച് 63,000 രൂപ വരെ എത്തിയിരുന്നു.
നിലവിലെ അനിശ്ചിതത്വങ്ങള്‍ നീങ്ങി ഡിസംബര്‍ പാദത്തോടെ സ്വര്‍ണ ഡിമാന്‍ഡ് തിരിച്ചു വരുമെന്നാണ് ഡബ്ല്യു.ജി.സിയുടെ വിലയിരുത്തല്‍. വില കൂടി നില്‍ക്കുന്നതിനാല്‍ സ്വര്‍ണ റീസൈക്കിളിംഗ് 100 ടണ്ണിനു മുകളിലെത്തുമെന്നും കരുതുന്നു. നല്ല മണ്‍സൂണ്‍ ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് നല്ല വിളവെടുപ്പ് ലഭിക്കുകയും അവരുടെ വരുമാന ശേഷി ഉയരുകയും ചെയ്യും. ഇത് സ്വര്‍ണത്തിനുള്ള ആവശ്യം കൂട്ടുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സ്വര്‍ണ ആവശ്യത്തിന്റെ മൂന്നില്‍ രണ്ടും ഗ്രാമീണ മേഖലകളില്‍ നിന്നാണ്. 2023 ല്‍ സ്വര്‍ണ ഡിമാന്‍ഡ് 750-800 ടണ്‍ ആകുമെന്നും ഡബ്ല്യു.ജി.സി കണക്കുക്കൂട്ടുന്നു. 2022 ല്‍ ഇത് 774.1 ടണ്‍ ആയിരുന്നു.
ആര്‍.ബി.ഐ സ്വര്‍ണ ശേഖരം കൂട്ടുന്നു
ആഗോള പ്രശ്‌നങ്ങള്‍ കണക്കിലടുത്ത് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആര്‍.ബി.ഐ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നുണ്ട്. സിംഗപ്പൂര്‍, ചൈന, തുര്‍ക്കി, റഷ്യ തുടങ്ങിയവയുടെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കൊപ്പം ചേര്‍ന്ന ഇന്ത്യ 796 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്.
Tags:    

Similar News