ജൂണിലെ ഇറക്കുമതി കുത്തനെ ഉയര്‍ന്നു, വ്യാപാരക്കമ്മിയും
ഇറക്കുമതിയില്‍ 57.55 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനിടെ ജൂണില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വ്യാപാരക്കമ്മി. കഴിഞ്ഞമാസത്തിലെ വ്യാപാരക്കമ്മി 26.18 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 2021 ജൂണില്‍ വ്യാപാരക്കമ്മി 9.60 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം, ജൂണില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 23.52 ശതമാനം വര്‍ധിച്ച് 40.13 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ കാലയളവിനെ അപേക്ഷിച്ച് ജൂണില്‍ ഇറക്കുമതി 57.55 ശതമാനം വര്‍ധിച്ച് 66.31 ബില്യണ്‍ ഡോളറിലെത്തിയതായും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2022-23 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സഞ്ചിത കയറ്റുമതി ഏകദേശം 24.51 ശതമാനം ഉയര്‍ന്ന് 118.96 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 49.47 ശതമാനം ഉയര്‍ന്ന് 189.76 ബില്യണ്‍ ഡോളറായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ വ്യാപാരക്കമ്മി മുന്‍വര്‍ഷത്തെ 31.42 ബില്യണ്‍ ഡോളറില്‍ നിന്ന് 70.80 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.