'ആശുപത്രികളെ ഹോട്ടലുകളായി കരുതുന്ന സര്‍ക്കാര്‍', നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം
നടപടി ചികിത്സാ ചെലവ് ഉയര്‍ത്തും. കൂടുതല്‍ സേവനങ്ങളെ ജിഎസ്ടിക്ക് കീഴിലാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്
ആശുപത്രി മുറികള്‍, ബയോ മെഡിക്കല്‍ മാലിന്യം ഉല്‍പ്പടെയുള്ളവയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. വിഷയത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(FICCI) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതി. ഹെല്‍ത്ത് കെയര്‍ മേഖലയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 5000 രൂപയ്ക്ക് മുകളില്‍ ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്കാണ് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്.
ഉയര്‍ന്ന ദിവസ വാടകയുള്ള മുറികള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിനെയും എഫ്‌ഐസിസിഐ വിമര്‍ശിച്ചു. ആശുപത്രികള്‍ക്ക് ഈ വിഭാഗങ്ങളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും ലഭിക്കില്ല. ആശുപത്രികളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഉള്‍പ്പടെ സാധന സാമഗ്രികളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. നികുതി ഈടാക്കുന്നത് ചികിത്സാ ചെലവ് ഉയര്‍ത്തുമെന്നും എഫ്‌ഐസിസിഐ ചൂണ്ടിക്കാട്ടി.
ഹോസ്പിറ്റല്‍ മുറികളെ ഹോട്ടല്‍ റൂമുകളോട് താരതമ്യം ചെയ്തത് ഖേദകരമാണെന്നാണ് രാജഗിരി ഹോസ്പിറ്റല്‍ സിഎഫ്ഒ ജോണ്‍ വിന്‍സെന്റ് പറഞ്ഞത്. ബില്‍ സ്ട്രക്ചറില്‍ മാറ്റം വരുത്തേണ്ടി വരും. ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിയുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ തരം ഐസിയുകളില്‍ ഏത് വിഭാഗത്തിനാണ് ഇളവ് ലഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ബയോ വേസ്റ്റ് സംസ്‌കരണം ഇപ്പോള്‍ തന്നെ ആശുപത്രികള്‍ക്ക് വെല്ലുവിളിയാണ്. ജിഎസ്ടി കൂടി ആകുമ്പോള്‍ ചെലവ് ഉയര്‍ത്തുമെന്നും ജോണ്‍ വിന്‍സെന്റ് പറഞ്ഞു.