ഓണ്‍ലൈന്‍ ഗെയിമിംഗ്; സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ വേണമെന്ന് ഐഎഎംഎഐ

നിലവില്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് മാര്‍ക്കറ്റ് 2.2 ബില്യണ്‍ ഡോളറാണ് കണക്കാക്കുന്നത്

Update:2023-01-01 11:30 IST

image: @canva

ഓണ്‍ലൈന്‍ ഗെയിമിംഗിനായി ഒരു സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നത് അനുയോജ്യമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) അഭിപ്രായപ്പെട്ടു. ഉപഭോക്തൃ ഇന്റര്‍നെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള നോഡല്‍ മന്ത്രാലയമായി മാറിയരുന്നു. ഇതോടെ ഇത്തരം ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട നയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ വഴി ഒരുങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിംഗിനായി ഒരു നയം കൊണ്ടുവരാനും ഈ മേഖലയ്ക്കായി ഒരു സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളെ കുറിച്ച് ഈയടുത്ത് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലേക്ക് എത്തുന്നത് ഈ വിഭാഗത്തെ നിയന്ത്രിതവും ചിട്ടയായതുമായ രീതിയില്‍ വളരാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ ശുഭോ റേ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് വിപണി 2.2 ബില്യണ്‍ ഡോളറാണ്. ഇത് 2026 സാമ്പത്തിക വര്‍ഷത്തോടെ 7 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗിനായുള്ള വരാനിരിക്കുന്ന നയം ഇത്തരത്തിലുള്ള എല്ലാ ഗെയിമുകള്‍ക്കും പ്രായം സ്ഥിരീകരണ സംവിധാനവും കെവൈസി (know your customer) മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ഗെയിമുകളുടെ ഭാഗമാവുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്താണ് കെവൈസി നിര്‍ബന്ധമാക്കുന്നത്.

പുതിയ നയം വന്നാല്‍ പണം ഇടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് 18 വയസില്‍ താഴെയുള്ളവരെ പുതിയ നിയമം വിലക്കിയേക്കും. ഒരു സമയപരിധിക്ക് അപ്പുറം ഗെയിമിംഗ് നീണ്ടാലുള്ള മുന്നറിയിപ്പ്, ചൈല്‍ഡ് ലോക്ക്, പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിവ ഗെയിമിം ആപ്പുകള്‍ ഏര്‍പ്പെടുത്തേണ്ടി വരും. 5 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 18 ശതമാനവും. ഏകദേശം 900 ഗെയിമിംഗ് കമ്പനികള്‍ രാജ്യത്തുണ്ട്.

Tags:    

Similar News