പാദഫലങ്ങളില്‍ നിരാശ, പക്ഷെ കുതിച്ചുയര്‍ന്ന് ഇന്‍ഫോസിസ്, ടി.സി.എസ് ഓഹരികള്‍

മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ഏഴ് ശതമാനം കുറവ്, നേരിയ നേട്ടവുമായി ടി.സി.എസ്

Update: 2024-01-12 06:19 GMT

Image by Canva

ഒക്ടോബര്‍-ഡിസംബര്‍ പാദഫല പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ഇന്‍ഫോസിസിന്റെയും ടി.സി.എസിന്റെയും ഓഹരികളില്‍ മുന്നേറ്റം. ഇന്‍ഫോസിസ് ഓഹരികള്‍ രാവിലത്തെ വ്യാപാര സെഷനില്‍ ഏഴ് ശതമാനത്തോളം കുതിച്ചുയര്‍ന്നു. നിലവില്‍ 1,601.60 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഹരികള്‍ നാല് ശതമാനത്തോളമുയര്‍ന്ന് 38.74 രൂപയിലും വ്യാപാരം നടത്തുന്നു. നിരീക്ഷകര്‍ പ്രവചിച്ച ഫലങ്ങള്‍ക്കൊപ്പമാണ് ഇവയുടെ കണക്കുകളുള്ളത് എന്നതാണ് ഓഹരികള്‍ക്ക് ഗുണമായത്.
ഇന്‍ഫോസിസ് ലാഭത്തില്‍ കനത്ത ഇടിവ്

രാജ്യത്തെ ഐ.ടി കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ ലാഭം (Net Profit) ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലായളവിനേക്കാള്‍ ഏഴ് ശതമാനം കുറഞ്ഞ് 6,106 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം കേവലം 1.3 ശതമാനം വര്‍ധിച്ച് 38,821 കോടി രൂപയിലുമെത്തി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും നിരീക്ഷകരുടെ കണക്കുകൂട്ടിലിനൊപ്പമാണ് റിസള്‍ട്ടുകള്‍.

ഐ.ടി ഇന്‍ഡസ്ട്രിയെ മോശം കാലം കഴിഞ്ഞെന്നുള്ള നിരീക്ഷകരുടെ വിശ്വാസമാണ് ഓഹരികളില്‍ മുന്നേറ്റത്തിനടയാക്കിയത്. മികച്ച ഓര്‍ഡറുകള്‍,  അനുകൂല സാഹചര്യങ്ങള്‍,  ബ്രോക്കിംഗ് സ്ഥാപനങ്ങളില്‍ നിന്നുള്ള വാങ്ങല്‍ സ്റ്റാറ്റസ് എന്നിവയും മുന്നേറ്റത്തിന് സഹായകമായി. ജെഫ്രീസ് 1,740 രൂപ ലക്ഷ്യമിട്ടും എച്ച്.എസ്.ബി.സി 1,620 രൂപ ലക്ഷ്യത്തിലും വാങ്ങല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2023-24ലേക്കുള്ള വരുമാന വളര്‍ച്ചാ ഗൈഡന്‍സ് (പ്രതീക്ഷാനിലവാരം) ഇന്‍ഫോസിസ് 1-2.5 ശതമാനത്തില്‍ നിന്ന് 1.5-2 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിട്ടുണ്ട്.

പ്രതീക്ഷയേക്കാള്‍ നേരിയ നേട്ടത്തില്‍ ടി.സി.എസ്
ഓക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ടി.സി.എസിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 11,508 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തേക്കാള്‍ ടി.സി.എസിന്റെ അറ്റാദായത്തില്‍ 2.5 ശതമാനം ഇടിവുണ്ടായി. വരുമാനം നാല് ശതമാനം വളര്‍ന്ന് 60,583 കോടി രൂപയിലെത്തി. ടി.സി.എസിന്റെ ലാഭം നിരീക്ഷകര്‍ കരുതിയതിനേക്കാള്‍ നേരിയതോതില്‍ ഉയര്‍ന്നു. ഒറ്റത്തവണ ലീഗല്‍ സെറ്റില്‍മെന്റിനായി 958 കോടി രൂപ ചെലവിട്ടത് ലാഭത്തെ ബാധിച്ചു. കഴിഞ്ഞ പാദത്തില്‍ ലഭിച്ച കരാറുകള്‍ സെപ്റ്റംബര്‍ പാദത്തിലെ 1,120 കോടി ഡോളറില്‍ നിന്ന് 810 കോടി ഡോളറായി താഴ്ന്നു.
2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓരോ ഓഹരിക്കും 27 രൂപ വീതം ലാഭവിഹിതം നല്‍കുന്നതിന് ടി.സി.എസ് ബോര്‍ഡ് അംഗീകാരം നല്‍കി. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ 9 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം ടി.സി.എസ് പ്രഖ്യാപിക്കുന്ന മൊത്തം ലാഭവിഹിതം 45 രൂപയായി.
ഐ.ടി മേഖല പെട്ടെന്നു തിരിച്ചു കയറുമെന്ന സൂചന ഇരു കമ്പനികളും നല്‍കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വിപ്രോയും എച്ച്.സി.എലും ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടും.
Tags:    

Similar News