ബിഎസ്എന്‍എല്‍ ഇനി വിമാനങ്ങളിലും ഇന്റര്‍നെറ്റ് നല്‍കും

ബ്രിട്ടീഷ് കമ്പനിയായ ഇന്‍മര്‍സാറ്റുമായി സഹകരിച്ചാണ് പുതിയ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്

Update:2021-10-21 14:48 IST

ഇന്‍മര്‍സാറ്റിന്റെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയില്‍ നല്‍കാനുള്ള ലൈസന്‍സ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാണ് ലൈസന്‍സ് നല്‍കിയത്. ഇതോടെ ബ്രിട്ടീഷ് കമ്പനിയാണ് ഇന്‍മര്‍സാറ്റിന്റെ സഹകരണത്തോടെ രാജ്യത്ത് വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് ആകും.

വിദൂര ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇന്‍മര്‍സാറ്റിന്റെ ഗ്ലോബല്‍ എക്‌സ്പ്രസ് (ജിഎക്‌സ്) സേവനമാണ് ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. സര്‍ക്കാര്‍, വ്യോമയാനം, പ്രതിരോധ മേഖലകള്‍ക്ക് സേവനം ഗുണകരമാകും. ഘട്ടംഘട്ടമായി ആകും ബിഎസ്എന്‍എല്‍ പുതിയ സേവനം നല്‍കുക.
ഇന്‍മാര്‍സാറ്റ് ഇന്ത്യയില്‍ ഇതിനകം തന്നെ കുറഞ്ഞ വേഗതയിലുള്ള ഡാറ്റ സേവനങ്ങള്‍ നല്‍കുന്നുണ്ട്. സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി ഇന്‍മാര്‍സാറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലുമായി സഹകരിക്കുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ കമ്പനിക്കാകും.
ഈ വര്‍ഷം അവസാനത്തോടെ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ ജിഎക്‌സ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ ഗ്ലോബല്‍ എക്‌സ്പ്രസ് സേവനം വ്യാപിപ്പിക്കുന്നതോടെ വിമാന യാത്രയിലും മറ്റ് വീദൂര മേഖലയിലും തടസമില്ലാത്ത അതിവേഗ ഇന്റര്‍നെറ്റ് സേവനം ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായി 14 ഉപഗ്രഹങ്ങളാണ് ഇന്‍മര്‍സാറ്റിന് ഉള്ളത്. ഭൂമിയുടെ മൂന്നില്‍ ഒന്ന് ഭാഗത്തും ഇന്‍മര്‍സാറ്റിന് കവറേജ് ഉണ്ട്.


Tags:    

Similar News