ഇന്ത്യയിലെ ബിസിനസ് അതികായന്മാരുടെ സ്വന്തം രാജ്യത്തുള്ള നിക്ഷേപത്തിൽ ഗണ്യമായ കുറവ്. സാമ്പത്തിക വർഷം 2015-16 മുതൽ 2017-18 വരെയുള്ള മൂന്ന് വർഷങ്ങളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ 20 ബിസിനസ് ഗ്രൂപ്പുകളുടെ നിക്ഷേപത്തിൽ കുറവ് പ്രകടമായിരിക്കുന്നത്.
ഈ കാലയളവിൽ രാജ്യത്തെ മൊത്തം സ്വകാര്യ മേഖലാ നിക്ഷേപത്തിലുള്ള ഇവരുടെ പങ്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച പുതിയ പ്രോജക്ടുകളിൽ പകുതിയിലധികം ഈ കമ്പനികളുടേതായിരുന്നു.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ പുതിയ ഡേറ്റ ബേസ് ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് മിന്റ് ഇക്കാര്യം വിശകലനം ചെയ്യുന്നത്.
2013-15 സാമ്പത്തിക വർഷം പുതിയ നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം റെക്കോർഡ് ഇടിവ് നേരിട്ട വർഷമായിരുന്നു. അതിനുശേഷം നിക്ഷേപം കൂടിയെങ്കിലും 2000 ത്തിന്റെ ആദ്യ കാലങ്ങളിൽ കണ്ടതിനേക്കാൾ വളരെ കുറഞ്ഞ തോതിലുള്ള വളർച്ചയായിരുന്നു.
ഇതിൽ ഏറ്റവും മോശം സമയം 2012-15 കാലഘട്ടമായിരുന്നു. കാരണം ഇന്ത്യയിലെ പല വലിയ ബിസിനസ് ഗ്രൂപ്പുകളും കടക്കെണിയിൽ പെട്ട് പ്രതിസന്ധിയിലായിരുന്ന സമയമായിരുന്നു ഇത്.
2015-ൽ പ്രസിദ്ധീകരിച്ച ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ട് പ്രകാരം തൊട്ടുമുൻപത്തെ 8 വർഷക്കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ 10 ബിസിനസ് ഗ്രൂപ്പുകളുടെയാകെ കടം 7 ഇരട്ടിയായി വർധിച്ചിരുന്നു.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് കമ്പനികളുടെ --അംബാനി, ടാറ്റ, ജിൻഡാൽ--പുതിയ പ്രോജക്ടുകളിലുള്ള നിക്ഷേപം കുത്തനെ കുറഞ്ഞതായിക്കാണാം. 1997-2000 കാലഘട്ടത്തിൽ രാജ്യത്തെ പുതിയ സ്വകാര്യ നിക്ഷേപങ്ങളിൽ ഈ മൂന്ന് കമ്പനികൾക്കും കൂടിയുള്ള വിഹിതം 33 ശതമാനമായിരുന്നു. ഈയടുത്ത കാലത്ത് ഇത് 10 ശതമാനമായി കുറഞ്ഞു.