സോളാർ മൊഡ്യൂളുകളുടെ വില ചൈന ഉയര്‍ത്തുന്നു, ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം, സോളാര്‍ പദ്ധതികളുടെ ചെലവ് വർദ്ധിക്കാന്‍ സാധ്യത

ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതൽ മത്സരാധിഷ്ഠിത വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയും

Update:2024-11-30 12:11 IST

Image Courtesy: Canva

സോളാർ മൊഡ്യൂളുകളുടെയും സെല്ലുകളുടെയും കയറ്റുമതിയിലെ നികുതി ഇളവുകൾ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചു. 13 ശതമാനത്തില്‍ നിന്ന് 9 ശതമാനമായാണ് ചൈന റിബേറ്റ് കുറച്ചത്. ഇത് സോളാർ പാനൽ നിർമ്മാതാക്കളുടെ ഇൻപുട്ട് ചെലവിൽ 4 ശതമാനം വർദ്ധനവിന് കാരണമാകും. ഇതിനാല്‍ കയറ്റുമതി ചെലവ് ഉയരാന്‍ ഇടയാകും.
ചൈനീസ് സോളാര്‍ ഉല്‍പ്പന്ന നിര്‍മാതാക്കള്‍ വര്‍ധിച്ച ഈ ചെലവ് വാങ്ങുന്നവർക്ക് കൈമാറാനാണ് സാധ്യതയുളളത്. ഇത് സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും അന്താരാഷ്ട്ര വിലകൾ ഉയർത്താന്‍ ഇടയാക്കും. ഡിസംബർ 1 മുതൽ വില വർധനവിന് സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് ആൻഡ് റിസർച്ച് സ്ഥാപനമായ നുവാമ റിസർച്ച് പറയുന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയില്‍ കൂടുതൽ മത്സരാധിഷ്ഠിത വിലയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
2026 ഏപ്രിലോടെ പ്രാബല്യത്തിൽ വരുന്ന സോളാർ സെല്ലുകളുടെ നിർമ്മാതാക്കളുടെ അംഗീകൃത പട്ടിക സൗരോർജ വിപണിയില്‍ ഉടനീളം വില ഉയർത്തുമെന്നും നുവാമ റിസർച്ച് അഭിപ്രായപ്പെടുന്നു. സർക്കാർ ധനസഹായമുള്ള സോളാർ പദ്ധതികള്‍ക്ക് ആഭ്യന്തരമായി നിർമ്മിക്കുന്ന സോളാർ സെല്ലുകൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശവും ഏപ്രിലിലോടെ നല്‍കുമെന്നാണ് കരുതുന്നത്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന നീക്കമായിരിക്കും.
Tags:    

Similar News