ലുലുവിന് സൗദിയില്‍ 4 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി; മൂന്നു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം 100 സ്റ്റോറുകള്‍
മക്കയിലും മദീനയിലുമായി നാല് സ്റ്റോറുകള്‍ രണ്ട് മാസത്തിനുള്ളില്‍
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗദി അറേബ്യയില്‍ പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങുന്നു. മക്ക, മദീന എന്നിവിടങ്ങളിലാണ് രണ്ട് മാസത്തിനകം പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്. ദമാമില്‍ കഴിഞ്ഞ ദിവസം ലുലുവിന്റെ സൗദിയിലെ 57-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ദമാം ഖുതുബ് അല്‍ ദിന്‍ അല്‍ ഷാഫി സ്ട്രീറ്റിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് ദമാം മുനിസിപ്പല്‍ മേധാവി ഫയീസ് ബിന്‍ അലി അല്‍ അസ്മരി അല്‍ ഫഖ്‌റിയ നിര്‍വ്വഹിച്ചു.
20,000 ചതുരശ്ര അടിയില്‍ ആഗോള ഉല്‍പ്പന്നങ്ങള്‍
ആഗോള ഉല്‍പ്പന്നങ്ങളെ ദമാമിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ലഭ്യമാക്കാന്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ കഴിയുമെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. 20,000 ചതുരശ്ര അടിയില്‍ ഒരുക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോം അപ്ലയന്‍സസ്, ഇലക്ടോണിക്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വലിയ ശേഖരമുണ്ട്. ഹെല്‍ത്ത്, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിഭാഗമുണ്ട്. 181 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യമാണുള്ളത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
സൗദിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന ലക്ഷ്യവുമായാണ് ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഭരണാധികാരികളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. മികച്ച ആഗോള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയെന്നത് കമ്പനിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തതിന് ശേഷം ലുലു ഗ്രൂപ്പിന് ജി.സി.സി രാജ്യങ്ങളില്‍ സ്വദേശികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.