10 സെക്കന്‍ഡിന് 14 ലക്ഷം, ഐപിഎല്‍ പരസ്യ വിപണിയും സ്റ്റാര്‍സ്‌പോര്‍ട്‌സും

പരസ്യവരുമാനം ഇത്തവണ 4000 കോടി കടക്കും. രണ്ട് പുതിയ ടീമുകള്‍ എത്തുന്നതും സ്റ്റാറിന് നേട്ടമാണ്.

Update:2022-03-24 12:14 IST

ഐപിഎല്‍ സംപ്രേണാവകാശം സ്വന്തമാക്കാന്‍ മത്സരിച്ച മീഡിയ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനം തന്നെയാണ്.  2022 ഐപിഎല്ലിലെ ആദ്യ പന്തെറിയാന്‍ രണ്ട് ദിസവം ശേഷിക്കെ, പരസ്യ ഇനത്തില്‍ സ്റ്റാര്‍ ഇതുവരെ നേടിയത് 3,200-3,400 കോടിയോളം രൂപയാണ്.

ഒരു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് 14 ലക്ഷം രൂപയാണ് സ്റ്റാര്‍ ഈടാക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 10 ശതമാനം അധികം രൂപയാണ് ഇത്തവണ. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലെ പരസ്യവരുമാനം കൂടി കണക്കാക്കുമ്പോള്‍ ഇത്തവണ സ്റ്റാറിന്റെ നേട്ടം 4000 കോടി കവിയും. ഹോട്ട്‌സ്റ്റാറില്‍ നിന്ന് 800 കോടിയോളം പരസ്യ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. 2020 ഐപിഎല്ലില്‍ 260 മില്യണും 2021ല്‍ 300 മില്യണില്‍ അധികവുമായിരുന്നു ഹോട്ട്‌സ്റ്റാറിലെ കാഴ്ചക്കാരുടെ എണ്ണം. ഒക്ടോബര്‍ 2021ലെ കണക്ക് അനുസരിച്ച് 43.66 മില്യണ്‍ പെയ്ഡ് വരിക്കാരാണ് ഹോട്ട്‌സ്റ്റാറിന് ഉള്ളത്. രണ്ട് പുതിയ ടീമുകള്‍ എത്തുന്നത് പരസ്യവരുമാനത്തിലും പ്രതിഫലിക്കും. നേരത്തെ 60 മാച്ചുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ സീസണില്‍ 74 മത്സരങ്ങളാണ് ഉള്ളത്.
15 സ്‌പോണ്‍സര്‍മാര്‍, ക്രിപ്‌റ്റോ മേഖലയില്‍ നിന്ന് ആരും ഉണ്ടാവില്ല
15 സ്‌പോണ്‍സര്‍മാരുമായാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കരാറിലെത്തിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിനെ കൂടാതെ ഡ്രീം11, ബൈജ്യൂസ്, ക്രെഡ്, സ്‌പോട്ടിഫൈ, മൂത്തൂറ്റ് ഫിന്‍കോര്‍പ്, ഏതര്‍ എനര്‍ജി, മീഷോ,സ്വിഗ്ഗി, തുടങ്ങിയവരൊക്കെ ഐപിഎല്ലിന്റെ പരസ്യങ്ങളില്‍ സാന്നിധ്യം അറിയിക്കും.
അതേസമയം ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ പരസ്യങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഉണ്ടാകില്ല എന്നാണ് വിവരം. ബ്ലോക്ക്‌ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ അസെറ്റ് കൗണ്‍സിലിന്റെ (bacc) തീരുമാനപ്രകാരം ആണ് സ്ഥാപനങ്ങള്‍ മാറിനില്‍ക്കുന്നത് എന്നാണ് വിവരം. ഉത്തരവാദിത്തത്തോടെ പരസ്യങ്ങള്‍ നല്‍കാന്‍ ഒരു ച്ട്ടക്കൂട് ഉണ്ടാക്കിയതിന് ശേഷം പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം.
ഐപിഎല്ലിലെ ടിക്കറ്റ് വില്‍പ്പനയുടെ അവകാശം സ്വന്തമാക്കിയത് ബുക്ക്‌മൈഷോ ആണ്. മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലായി നടക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും, വില്‍പ്പന ആരംഭിച്ചപ്പോഴേ ആരാധകര്‍ സ്വന്തമാക്കിയിരുന്നു.


Tags:    

Similar News