ഐ.ടി കമ്പനികളുടെ 2022-23 കാലയളവിലെ നിയമനങ്ങളില്‍ 65 ശതമാനം കുറവ്
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയും ആഗോള മാന്ദ്യ ഭീതിയും ചെലവു ചുരുക്കാന്‍ പ്രേരിപ്പിച്ചു
2022 -23 കാലയളവില്‍ ഐ.ടി വമ്പന്മാര്‍ പുതിയ നിയമനങ്ങള്‍ 65 ശതമാനം കുറച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി(ടി.സി.എസ്) എച്ച്.സി.എല്‍, ഇന്‍ഫോസിസ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 68,886 പുതിയ നിയമനങ്ങളാണ് നടത്തിയത്. മുന്‍ വര്‍ഷം ഈ മൂന്ന് കമ്പനികള്‍ ചേര്‍ന്ന് 1.97 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കിയിരുന്നു.
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയും ആഗോള മാന്ദ്യ ഭീതിയും പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നത് കുറയാനിടയാക്കുമെന്നതിനാലാണ് നിയമനങ്ങള്‍ വെട്ടി ചുരുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്.
കഴിഞ്ഞ പാദത്തില്‍ തീരെ കുറവ്
2022 -23 നാലാം പാദത്തില്‍ പ്രമുഖ മൂന്ന് ഐ.ടി കമ്പനികളും ചേര്‍ന്ന് 884 പേര്‍ക്കാണ് പുതിയ നിയമനം നല്‍കിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 68,257 പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. 2022 -23 ല്‍ ടി.സി.എസ് 22,600 പേര്‍ക്കാണ് പുതുതായി നിയമം നല്‍കിയത്. മുന്‍ വര്‍ഷം ഇത് 54,936 പേരായിരുന്നു. ഇന്‍ഫോസിസ് 54,396 പേരെ നിയമിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിയമിച്ചത് 29,219 പേരെ മാത്രം. എച്ച്സി.എല്‍ ആകട്ടെ മുന്‍ വര്‍ഷം 39,900 പേരെ നിയമിച്ച സ്ഥാനത്ത് 2022 -23 ല്‍ 17,067 പേരെയാണ് പുതുതായി എടുത്തത്.
2022 -23 ല്‍ നാലാം പാദത്തില്‍ പുതിയ നിയമനങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ കമ്പനികളെ ഉദ്ധരിച്ചുകൊണ്ട് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.