ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്

പുതുതായി ആരംഭിക്കുന്ന കമ്പനികളും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന് ആക്കം കൂട്ടുന്നുണ്ട്

Update:2022-12-22 13:45 IST

കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്‌നോപാര്‍ക്ക് നേടിയിരിക്കുന്നത്. 2021 - 22 സാമ്പത്തിക വര്‍ഷം 9775 കോടി രൂപയുടെ കയറ്റുമതി വരുമാനം ടെക്‌നോപാര്‍ക്ക് നേടി. മുന്‍വര്‍ഷത്തെക്കാള്‍ 15 ശതമാനം വളര്‍ച്ചയാണ് 2021- 22 സാമ്പത്തിക വര്‍ഷത്തെ നേട്ടം. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും 2021- 22 സാമ്പത്തിക വര്‍ഷം ടെക്‌നോപാര്‍ക്ക് നേടി.

നിലവില്‍ 10.6 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി 470 കമ്പനികളില്‍ 70,000 ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആകെ 78 കമ്പനികള്‍ 2,68,301 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു. ഈ വര്‍ഷം മാത്രം (2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) 1,91,703 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 37 കമ്പനികള്‍ക്കാണ് ടെക്‌നോപാര്‍ക്ക് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 460 കമ്പനികല്‍ നിന്നായി 8501 കോടിയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ കയറ്റുമതി വരുമാനം.

കേരളത്തിന്റെ ഐ.ടി കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ പങ്ക് വളരെ വലുതാണെന്നും ഇത് ഓരോ സാമ്പത്തിക വര്‍ഷവും ഉയര്‍ച്ചയിലേക്കാണ് കുതിക്കുന്നതെന്നും കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍ കുമാര്‍ സിങ് ഐ.എ.എസ് പറഞ്ഞു. പുതുതായി ആരംഭിക്കുന്ന കമ്പനികളും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന് ആക്കം കൂട്ടുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള വികസനപ്രവര്‍ത്തനങ്ങളും ടെക്‌നോപാര്‍ക്കിന്റെ മികച്ച സേവനനിലവാരവും പുരോഗതിക്ക് മുതല്‍ക്കൂട്ടാണ്. സംസ്ഥാനത്തേക്ക് പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കുന്നതിനായി ടെക്‌നോപാര്‍ക്ക് പുതിയ സാധ്യതകളും ഉല്‍പ്പന്ന സേവനങ്ങളും വൈവിധ്യവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News