ഹോട്ടല്‍ ബിസിനസിനെ വേര്‍പെടുത്താന്‍ ഐ.ടി.സി, ഓഹരിവില 4% ഇടിഞ്ഞു

വിഭജനത്തിന് ബോര്‍ഡ് അംഗീകാരം നല്‍കി

Update:2023-07-24 18:19 IST

Image : ITC Website

പ്രമുഖ എഫ്.എം.സി.ജി (വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) സ്ഥാപനമായ ഐ.ടി.സിയുടെ ഹോട്ടല്‍ ബിസിനസ് വേര്‍പെടുത്താന്‍ (demerger) ഡയറക്ടർ  ബോര്‍ഡ് തത്വത്തില്‍ (in-principle approval) അംഗീകാരം നല്‍കി. 30 ലക്ഷത്തോളം വരുന്ന ഓഹരി ഉടമകള്‍ക്ക് മികച്ച മൂല്യം നേടികൊടുക്കാനാണ് വിഭജനത്തിലൂടെ ലക്ഷ്യമിടുന്നത്.

60% ഓഹരികള്‍ നിക്ഷേപകര്‍ക്ക്
പുനഃക്രമീകരണത്തിലൂടെ ഹോട്ടല്‍ ബിസിനസ് പൂര്‍ണമായും വേര്‍പെടുത്താനാണ് നീക്കം. പുതിയ സ്ഥാപനത്തിന്റെ 40 ശതമാനം ഓഹരികള്‍ കമ്പനിയുടെ കൈവശമായിരിക്കും. ബാക്കി 60% നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് അവര്‍ കൈവശം വച്ചിരിക്കുന്ന ഐ.ടി.സി ഓഹരിക്ക് ആനുപാതികമായി നല്‍കും.
ഓഗസ്റ്റ് 14 ന് വിഭജനം പൂർത്തിയാക്കും. ഹോട്ടല്‍ ബിസിനസ് വളര്‍ച്ചയിലേക്കെത്തിയെന്നും വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ തനിച്ച് വളരാന്‍ പുതിയ സ്ഥാപനത്തിനാകുമെന്നുമാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
നിക്ഷേപകരെ ആകര്‍ഷിക്കും
വിഭജനം ഹോട്ടല്‍ ബിസിനസിലേക്ക് പുതിയ നിക്ഷേപകരെ എത്തിക്കുമെന്നും ഹോട്ടല്‍ ഇന്‍ഡസ്ട്രിക്ക് അനുരൂപമായ വിധത്തില്‍ കമ്പനിയുടെ റിസക് പ്രൊഫൈല്‍ മാറ്റാനാകുമെന്നും ഐ.ടി.സി അറിയിച്ചു.
2023 സാമ്പത്തിക വര്‍ഷത്തെ കണക്കുകളനുസരിച്ച് ഐ.ടി.സിയുടെ മൊത്തം ബിസിനസ് വരുമാനത്തിന്റെ നാല് ശതമാനമാണ് ഹോട്ടല്‍മേഖലയുടെ സംഭാവന. നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭത്തിന്റെ 2 ശതമാനവും.
2,700 കോടി രൂപയാണ് ഐ.ടി.സി ഹോട്ടലിന്റെ വരുമാനം. 120 പ്രോപ്പര്‍ട്ടികളും 11,500 റൂമുകളുമുള്ള ഐ.ടി.സിഹോട്ടല്‍ രാജ്യത്തെ ലിസ്റ്റഡ് ഹോട്ടല്‍ ശൃംഖലകളില്‍ രണ്ടാം സ്ഥാനത്താണ്. പ്രമുഖ നിക്ഷേപക സ്ഥാപനമായ ജെഫെറീസ് (Jefferies) കണക്കാക്കുന്നതനുസരിച്ച് 18,300 കോടിയാണ് ഐ.ടി.സി ഹോട്ടലിന്റെ വിപണി  മൂല്യം.
മള്‍ട്ടിബാഗര്‍ ഓഹരി
കഴിഞ്ഞ ഒരു വര്‍ഷമായി നിഫ്റ്റി സൂചികയിലെ ഏറ്റവും മികച്ച നേട്ടം നല്‍കുന്ന മള്‍ട്ടി ബാഗര്‍ (multi-bagger) ഓഹരിയാണ് ഐ.ടി.സി. കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ലിസ്റ്റ് കമ്പനികളില്‍ 6 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ഏഴാം സ്ഥാനത്ത് എത്തി സിഗരറ്റ് മുതല്‍ ഹോട്ടല്‍ വരെയുള്ള ഐ.ടി.സി. ഹിന്ദുസ്ഥാന്‍ യൂണിലിവറിനേയും മറികടന്നാണ് ഐ.ടി.സി മുന്നേറിയത്. ഇതിനു മുമ്പ് 2019 ലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിനേക്കാള്‍ ഐ.ടി.സിക്ക് വിപണി മൂല്യമുണ്ടായിരുന്നത്. ഈ വര്‍ഷമിതു വരെ 41 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.
അതസമയം, പ്രഖ്യാപനത്തെ തുടര്‍ന്ന് ഐ.ടി.സി ഓഹരികള്‍ ഇന്ന് ബി.എസ്.ഇയില്‍ 4 ശതമാനം ഇടിഞ്ഞ് 468 രൂപയിലെത്തി. ഐ.ടി.സി ഹോട്ടലിന്റെ 40% ഓഹരികള്‍ കമ്പനി കൈവശം വയ്ക്കുമെന്ന വാര്‍ത്തയാണ് നിക്ഷേപകരെ നിരാശരാക്കിയത്. വിഭജനം പ്രതീക്ഷിച്ച് നിരവധി നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങികൂട്ടിയിരുന്നു. എന്നാല്‍ വാര്‍ത്തയെ തുടര്‍ന്ന് ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു.

Tags:    

Similar News