ശമ്പളം 1.8 കോടി രൂപ, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് ജോലിയുമായി ഫേസ്ബുക്ക്

ഫേസ്ബുക്കിന് പുറമെ ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ബിസാഖിന് ജോലി ഓഫര്‍ ലഭിച്ചിരുന്നു

Update: 2022-06-27 09:10 GMT

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് 1.8 കോടി രൂപ പ്രതിവര്‍ഷ ശമ്പളത്തില്‍ ജോലി ഓഫറുമായി ഫേസ്ബുക്ക്. കമ്പ്യൂട്ടര്‍ സയന്‍സിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബിസാഖ് മൊണ്ടലിനാണ് ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ബിസാഖ് ലണ്ടനിലെത്തി ഫേസ്ബുക്ക് ജോലിയില്‍ പ്രവേശിക്കും.

അതേസമയം, സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ശമ്പളത്തില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിര്‍ഭൂമിലെ രാംപൂര്‍ഹട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ബിസാഖ്. ബിസാഖിന്റെ അച്ഛന്‍ കര്‍ഷകനും അമ്മ അങ്കണവാടി ജീവനക്കാരനുമാണ്. ഫേസ്ബുക്കിന് പുറമെ ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ബിസാഖിന് ജോലി ഓഫര്‍ ലഭിച്ചിരുന്നു.

''ഞാന്‍ സെപ്റ്റംബറില്‍ ഫേസ്ബുക്കില്‍ ജോലിയില്‍ പ്രവേശിക്കും. ഇതിന് മുമ്പ്, എനിക്ക് ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ഓഫറുകള്‍ ലഭിച്ചു. ശമ്പള പാക്കേജ് ഉയര്‍ന്നതിനാല്‍ ഫേസ്ബുക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത് എന്ന് കരുതി'' ബിസാഖ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 'സ്വാഭാവികമായും എന്റെ മാതാപിതാക്കള്‍ വളരെ സന്തുഷ്ടരാണ്,'' അദ്ദേഹം പറഞ്ഞു.

നേരത്തെ, വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടി രൂപയിലധികം ശമ്പള പാക്കേജുകളോടെ വിദേശ ജോലി ലഭിച്ചിരുന്നു.

Tags:    

Similar News