കെ-റെയിലിന് ഹൈക്കോടതിയുടെ പച്ചക്കൊടി; രണ്ട് സ്റ്റേകള്‍ തള്ളി
സര്‍ക്കാരിന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരാം
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ കെ-റെയിലിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.നഗരേഷ് തള്ളിയത്.
പദ്ധതിക്കായി സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ ഇനി വൈകിപ്പിക്കേണ്ടതില്ല.
കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നും ഇത് പ്രത്യേക പദ്ധതിയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കെ-റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രത്യേക റെയില്‍വേ പദ്ധതിയുടെ പട്ടികയിലേക്ക് വന്നുകഴിഞ്ഞാല്‍ മാത്രമാകും അത്തരത്തില്‍ പ്രത്യേക വിജ്ഞാപനം വേണ്ടി വരുക. എന്നാല്‍ നിലവില്‍ ഇത് പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.