വില്‍പന തിളക്കത്തില്‍ കല്യാണ്‍ ജുവലേഴ്‌സ്; വരുമാനം മുന്നോട്ട്, ഓഹരിക്ക് ചാഞ്ചാട്ടം

നടപ്പു പാദത്തില്‍ 15 ഷോറൂമുകള്‍ തുറക്കും, 250-ാമത് ഷോറൂം അയോദ്ധ്യയില്‍

Update:2024-01-05 11:47 IST

കേരളത്തില്‍ നിന്നുള്ള പ്രമുഖ ജുവലറി ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ രാജ്യത്ത് 15 പുതിയ ഷോറൂമുകള്‍ തുറക്കും. ഇതുകൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ഷോറൂമുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ 13 ഷോറൂമുകളും (Experience സെന്റർ) തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

നിലവില്‍ കല്യാണിന് മൊത്തം 235 ഷോറൂമുകളാണുള്ളത്. 15 ഷോറൂമുകള്‍ കൂടി തുറക്കുന്നതോടെ മൊത്തം ഷോറൂമുകളുടെ എണ്ണം 250ലെത്തും. 250-ാമത് കല്യാണ്‍ ഷോറൂം ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ തുറക്കുമെന്നും ജനുവരി 5ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ പ്രാഥമിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കമ്പനി സൂചിപ്പിച്ചു.

2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 22 പുതിയ കല്യാണ്‍ ഷോറൂമുകള്‍ തുറന്നിരുന്നു. ഇതില്‍ 16 എണ്ണം ഫ്രാഞ്ചൈസ് ഓണ്‍ഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റഡ് (FOCO) ഷോറൂമുകളാണ്. കഴിഞ്ഞപാദത്തില്‍ കമ്പനി നേരിട്ട് തുറന്ന ഷോറൂമുകളിൽ ചിലത് നടപ്പുപാദത്തില്‍ ഫോക്കോ മോഡലിലേക്ക് മാറ്റാനും കല്യാണ്‍ ഉദ്ദേശിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 80 ഷോറൂമുകള്‍ തുറക്കാനായി കമ്പനി താത്പര്യ പത്രം ഒപ്പുവച്ചിട്ടുമുണ്ട്.

വരുമാനം വര്‍ധിച്ചു

മൂന്നാം പാദത്തില്‍ ഇന്ത്യയിലെയും ഗള്‍ഫിലെയും കമ്പനിയുടെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 33 ശതമാനത്തിലധികം വര്‍ധിച്ചു. സ്വര്‍ണ വിലയിലെ വലിയ വ്യതിയാനങ്ങള്‍ അടക്കമുള്ള നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് കമ്പനി മികച്ച വില്‍പ്പന കൈവരിച്ചത്. തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഒരാഴ്ചയോളം വില്‍പ്പനയെ ബാധിച്ചതായും കമ്പനി വ്യക്തമാക്കി.

മൂന്നാം പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 

ഗള്‍ഫിലും വളര്‍ച്ച

മിഡില്‍ ഈസ്റ്റില്‍ മൂന്നാം പാദ വരുമാനത്തില്‍ 6 ശതമാനം വളര്‍ച്ച നേടി. മൊത്തം സംയോജിത വരുമാനത്തിന്റെ 13 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.

കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനവും ഇക്കാലയളവില്‍ 34 ശതമാനം വര്‍ധിച്ചു. നിലവില്‍ കാന്‍ഡിയറിന് 7 ഫിസിക്കല്‍ ഷോറൂമുകളുമുണ്ട്. വരുന്ന വിവാഹ സീസണ്‍ ഉള്‍പ്പെടെയുള്ള പോസിറ്റീവായ കാര്യങ്ങള്‍ വരും പാദത്തിലും മികച്ച വില്‍പ്പന വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓഹരി കുതിച്ചു, പിന്നെയിറക്കം

മികച്ച വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടതിനു പിന്നാലെ കല്യാണ്‍ ഓഹരികള്‍ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. വ്യാപാരത്തിനിടെ ഒരു വേള 4 ശതമാനത്തിനുമേല്‍ ഉയര്‍ന്ന ഓഹരി നിലവില്‍ (രാവിലെ 11.24) 0.16 ശതമാനത്തിന്റെ നേരിയ ഇടിവോടെ 363 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 200 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഓഹരി 58 ശതമാനത്തോളം വളര്‍ച്ച നേടി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 38,446 കോടി രൂപയാണ് കല്യാണിന്റെ വിപണി മൂല്യം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനിയുടെ വിപണി മൂല്യം 30,000 കോടി രൂപ കടന്നത്.

Tags:    

Similar News