കാര്‍ഷികാദായ നികുതി: തോട്ടംമേഖല കരകയറിയത് വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിൽ നിന്ന്

Update: 2018-10-12 06:06 GMT

തോട്ടം ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്ന കാര്‍ഷികാദായ നികുതി പൂർണ്ണമായും ഒഴിവാക്കിയ സർക്കാർ തീരുമാനം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന മേഖലയ്ക്ക് വലിയ ആശ്വാസമാകും.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാൻ 2015 നവംബറിൽ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം.

അഞ്ച് ഹെക്ടറിനു മുകളിൽ വിസ്തൃതിയും 15ൽ കുറയാതെ തൊഴിലാളികളുമുള്ള തോട്ടങ്ങളാണ് കാർഷികാദായ നികുതിയുടെ പരിധിയിൽ വന്നിരുന്നത്.

ലാഭത്തിന്റെ 30 ശതമാനമാണ് നികുതി. കേരളത്തിൽ മാത്രമാണ് ഇത്ര ഉയർന്ന ടാക്സ് ഈടാക്കുന്നത്. സംസ്ഥാനത്തെ പകുതിയിലധികം പ്ലാന്റേഷനുകളും നഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ ഈ നികുതികൊണ്ട് സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്നാണ് പ്ലാന്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ വിലയിരുത്തുന്നത്.

ജൂൺ 20 ന് ചേർന്ന യോഗത്തിൽ കാലാകാലങ്ങളായി നിലനിന്ന പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഹെക്ടറിന് 700 രൂപ വീതമാണ് കേരളം നികുതി ഈടാക്കിക്കൊണ്ടിരുന്നത്.

കൂടുതൽ വായിക്കാം: തോട്ടം മേഖലയ്ക്ക് ആശ്വാസം; പ്ലാന്റേഷന്‍ ടാക്‌സ് ഇനിയില്ല

Similar News