മദ്യനയത്തിൽ മാജിക്കുകളുമായി മദ്യ വർജ്ജകരായ രണ്ട് മുഖ്യമന്ത്രിമാർ!

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ത്യയുടെ കാലഹരണപ്പെട്ട മദ്യനയങ്ങളില്‍ വരുത്തുന്ന പുത്തന്‍ പരിഷ്‌കാരങ്ങള്‍ കേരളത്തിനും പാഠമാക്കാം.

Update:2021-08-16 15:12 IST

രണ്ടു മദ്യവര്‍ജകരായ മുഖ്യമന്ത്രിമാരും അവരുടെ വ്യക്തിപരമായ സ്വഭാവ വിശേഷങ്ങള്‍ മാറ്റി വച്ചുകൊണ്ടാണ് മദ്യനയത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. ഒരാള്‍ സന്യാസിയും മറ്റൊരാള്‍ സസ്യാഹാരിയും ഐ.ഐ.റ്റി.ബിരുദധാരിയുമാണ്. രണ്ടുപേരും മദ്യപാനത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തിയവരുമാണ്.

ഇന്ത്യയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും അരവിന്ദ് കെജ്രിവാളും ധീരമായ ചില മദ്യനയ പരിഷ്‌ക്കാരങ്ങള്‍ക്കു മുന്നിലാണ്. ഇപ്പോള്‍, കോവിഡ് 19 പശ്ചാത്തലത്തിലാണ് പുതിയ മദ്യനയങ്ങള്‍ ഇരുവരുടെയും സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്.
വിസ്‌കി, റം, വോഡ്ക തുടങ്ങിയ കടുപ്പമുള്ള പാനീയങ്ങളേക്കാള്‍ മൃദുവായ പാനീയങ്ങളായ ബിയര്‍, വൈന്‍ എന്നിവയ്ക്ക് അനുകൂലമായ ഒരു നയമാറ്റം വരുത്തിയിരിക്കുകയാണ് യുപിയില്‍ ഇപ്പോള്‍. 2021-22 വര്‍ഷം ഉത്തര്‍പ്രദേശ് എക്‌സൈസ് നയത്തില്‍ ബിയറിന്റെയും വൈനിന്റെയും വില കുറച്ചു.
ബിയറിന്റെ തീരുവ 280 ശതമാനത്തില്‍ നിന്നും 200 ശതമാക്കി. മറ്റ് വിദേശ മദ്യവില്‍പ്പനശാലകളിലെ ലൈസന്‍സ് ഫീസ് 7..5 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ബിയര്‍ പാര്‍ലറുകളില്‍ അത് കൂട്ടിയില്ല. നേരത്തെ ഉത്തര്‍പ്രദേശിലെ കോവിഡ് 19 സെസ് പകുതിയായി കുറഞ്ഞപ്പോള്‍ അവിടുത്തെ പ്രാദേശിക പാനീയങ്ങളുടെയും ബിയര്‍, വൈന്‍ എന്നിവയുടെയും വില നേരത്തെ തന്നെ കുറയുകയും ചെയ്തിരുന്നു.
കോവിഡ് 19 നെ തുടര്‍ന്ന് ചൈനയില്‍ നിന്നും പലായനം ചെയ്യുന്ന പല വന്‍കിട കോര്‍പ്പറേറ്റുകളും, ഉത്തര്‍പ്രദേശിനെ നിക്ഷേപ ലക്ഷ്യസ്ഥാനമായി കാണുന്നുണ്ട്. ഇത് മനസ്സിലാക്കി നഗര പ്രദേശങ്ങള്‍ ഉള്‍പ്പെടെ ട്രെന്‍ഡി മദ്യഷോപ്പുകള്‍ കൂടുതലായി കൊണ്ടുവരുന്നതിന് യോഗി ആദിത്യനാഥ് ശ്രമിക്കുന്നു. യോഗിയുടെ മദ്യനയത്തെ ദേശീയ-അന്തര്‍ദേശീയ ബിസിനസ്സ് യാത്രക്കാരും നഗരത്തിലെ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയും സ്വാഗതം ചെയ്യുന്നു,
ഈ ദിശയിലുള്ള കെജ്രിവാളിന്റെ നടപടികളും ധീരമായതാണ്. ഡല്‍ഹിയിലെ നിര്‍ദ്ദിഷ്ട പുതിയ മദ്യനയവും , പ്രാചീന ലൈസന്‍സിങ് രീതികളുമെല്ലാം ഇപ്പോള്‍ വ്യത്യസ്തമാണ്. മദ്യം ഹോം ഡെലിവറി വഴി വിതരണം ചെയ്യുന്നു.
മൈക്രോ ബ്ര്യൂവറികള്‍, വാക്ക്-ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുടങ്ങിയവ ഡല്‍ഹിയില്‍ കൂടുതലായി സ്ഥാപിക്കുവാന്‍ ഉദ്ദേശമുണ്ട്. കൂടാതെ ബാറുകള്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുറന്നിരിക്കും. നികുതിവെട്ടിപ്പ് തടയുക, ഒരു വര്‍ഷത്തിലെ വരണ്ടദിവസങ്ങളുടെ എണ്ണം 21-ല്‍ നിന്ന് 3 ആയി കുറയ്ക്കുക എന്നിവയാണ് മറ്റ് പരിഷ്‌ക്കാരങ്ങള്‍.
ഇരുവരുടെയും പുതിയ മദ്യനയ പരിഷ്‌കാരങ്ങള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വരുമാനം കൂടുതല്‍ നേടാനും കൂടുതല്‍ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.


Tags:    

Similar News