പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍; ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനമെത്തി

വ്യവസായ വകുപ്പിന് കീഴിലുള്ള പി.എം.എസ് പോര്‍ട്ടല്‍ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

Update:2022-01-07 19:38 IST

വ്യവസായ, കയര്‍ വകുപ്പുകളുടേയും വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടേയും സ്ഥാപനങ്ങളുടേയും പദ്ധതികള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമെത്തി. പദ്ധതികളുടെ പുരോഗതി തല്‍സമയം നിരീക്ഷിക്കുന്നതിനും

ആവശ്യമായ ഇടപെടല്‍ നടത്തി നിര്‍വ്വഹണം സുഗമമാക്കുന്നതിനുമുള്ള സൗകര്യമാണ് കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിലുള്ളത്. തിരുവനന്തപുരം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് പി.എം.എസ് ഉദ്ഘാടനം ചെയ്തു.
വകുപ്പിലെ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുകയും പദ്ധതിനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയുമാണ്
ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഈ പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും. കേന്ദ്രീകൃത ആക്ടിവിറ്റി കലണ്ടര്‍ മുഖേന ഇവ ബന്ധിപ്പിക്കും.
പദ്ധതികളുടെ സാമ്പത്തിക പുരോഗതി, ഭൗതിക പുരോഗതി, നേട്ടങ്ങള്‍ എന്നിവ തല്‍സമയം നിരീക്ഷിക്കാന്‍ ഇത് അവസരമൊരുക്കും. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടപ്പാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും പരാതികളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇതില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും മന്ത്രി തലത്തിലും പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ക്ക് അതത് തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യവുമുണ്ട്. പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കല്‍, സ്ഥലം അനുവദിക്കല്‍,
നിര്‍മ്മാണജോലികള്‍, സംരംഭക വര്‍ഷത്തിന്റെ ഭാഗമായുള്ള ഒരു ലക്ഷം സംരംഭങ്ങളുടെ രൂപീകരണം, മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ തുടര്‍ നടപടികള്‍ എന്നിവയുടെ തത്സമയ സ്ഥിതി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും.
പദ്ധതികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് അപ്പ് ലോഡ് ചെയ്യുന്നതിനും, നിര്‍മ്മാണ പുരോഗതിയുടെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ച് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതിനും ആപ്പിലൂടെ കഴിയും. എം.ഐ എസ് സംവിധാനം, അനലിറ്റിക്‌സ് ഡാഷ്‌ബോര്‍ഡുകള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് പ്രോജക്റ്റ് മാനേജ്‌മെന്റ് സിസ്റ്റം.

(Press Release)

Tags:    

Similar News