നിക്ഷേപകരെ ആകര്‍ഷിക്കാനായി ഹാഷ് ടാഗ് ഫ്യൂച്ചര്‍ ലണ്ടനില്‍

Update:2019-03-15 15:56 IST

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഹാഷ് ടാഗ് ഫ്യൂച്ചര്‍ (# FUTURE) പരിപാടിയുടെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്റെ ഐ.ടി ഉന്നതാധികാര സമിതി ഹാഷ് ടാഗ് ഫ്യൂച്ചര്‍ ജിസിഎസ് -ലണ്ടന്‍ (# FUTURE GCS- London) സംഘടിപ്പിച്ചു.

കേരളത്തിലെ ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ വളര്‍ച്ചയും സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വികാസത്തെയും കുറിച്ച് ലണ്ടനിലെ ബിസിനസ് സമൂഹത്തെ പരിചയപ്പെടുത്താനും അവരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന ഐ.ടി ഉന്നതാധികാര സമിതി ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ഇത് സംഘടിപ്പിച്ചത്.

കേരളത്തിലെ സ്റ്റാര്‍ട്ടപ് മേഖലയുടെ വളര്‍ച്ചയെ ലോകത്തിലെ വന്‍ഗരങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐ.ടി ഉന്നതാധികാര സമിതി സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ ഭാഗമായാണ് ഹാഷ് ടാഗ് ഫ്യൂച്ചര്‍ ജിസിഎസ് -ലണ്ടന്‍ നടന്നത്.

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ നിക്ഷേപ സാദ്ധ്യതകളും ബിസിനസ് അനുകൂലാന്തരീക്ഷവുമൊക്കെ ലണ്ടനിലെ ബസിനസ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും അത് വഴിയൊരുക്കി.

ലീന നായര്‍(യൂണിലിവര്‍), എസ്.ഡി.ഷിബുലാല്‍(സ്ഥാപകന്‍-ഇന്‍ഫോസിസ്, ചെയര്‍മാന്‍-എച്ച്.പി.ഐ.സി), വി.കെ.മാത്യൂസ്(സ്ഥാപകന്‍& എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍- ഐ.ബി.എസ്), എം.ശിവശങ്കര്‍ ഐ.എ.എസ്(സെക്രട്ടറി, ഐ.ടി വകുപ്പ്), ഋഷികേശ് നായര്‍(സി.ഇ.ഒ, ഐ.ടി പാര്‍ക്ക്‌സ്-കേരള), ജോസഫ് ഒളശ(സ്ഥാപകന്‍, സി.ഇ.ഒ- ഇഗ്നിത്തോ ടെക്‌നോളജീസ്) തുടങ്ങിയവര്‍ക്ക് പുറമേ ബ്രിട്ടനിലെ ഐ.ടി, ഇന്നൊവേഷന്‍ രംഗത്തെ വിദഗ്ധരും ഹാഷ് ടാഗ് ലണ്ടനില്‍ പങ്കെടുത്തു.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും കൂടാതെ ലണ്ടനും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇഗ്നിത്തോ ടെക്‌നോളജീസ് ഹാഷ് ടാഗ് ഫ്യൂച്ചര്‍ ലണ്ടന്‍ ഉദ്യമത്തിന് പിന്തുണയേകി. അമേരിക്കന്‍, ബ്രിട്ടീഷ് കമ്പനികളുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ പങ്കാളിയായ ഇഗ്നിത്തോ ഹാഷ് ടാഗ് ഫ്യൂച്ചര്‍ ജിസിഎസിന് നല്‍കുന്ന പിന്തുണ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വളരെയേറെ സഹായിച്ചേക്കും.

Similar News