വരുമാനത്തകര്‍ച്ചയില്‍ കേരളത്തിന്റെ തോട്ടം മേഖല; പ്രതാപം വീണ്ടെടുക്കാന്‍ ഇനി 'പ്ലാന്റേഷന്‍' ടൂറിസവും
തോട്ടങ്ങളുടെ 5% സ്ഥലം മാത്രമേ ഇപ്പോള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകൂ
കടുത്ത വരുമാനത്തകര്‍ച്ചയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ തോട്ടം മേഖലയെ പഴയ പ്രതാപം വീണ്ടെടുത്ത് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരികെയെത്തിക്കാന്‍ നടപടികള്‍ ഊര്‍ജിതം. നിലവില്‍ സംസ്ഥാനത്തെ തോട്ടങ്ങളില്‍ (Plantations) 5 ശതമാനം സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രയോജനപ്പെടുത്തി നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിനായി ഏകജാലക സംവിധാനം (Single-Window System) ഏര്‍പ്പെടുത്തുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം അത് പ്രാബല്യത്തില്‍ വരുമെന്നും കഴിഞ്ഞദിവസം വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. പ്ലാന്റേഷന്‍ മേഖല നേരിടുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുകയാണ് ഏകജാലകം വഴി പ്രധാനമായും ഉന്നമിടുന്നത്. അനുമതികള്‍ അതിവേഗം ലഭ്യമാക്കാന്‍ ഏകജാലക സംവിധാനത്തിന് കഴിയും.
ഇനി പ്ലാന്റേഷന്‍ ടൂറിസവും
പതിറ്റാണ്ട് മുമ്പുവരെ 20,000-22,000 കോടി രൂപ വരുമാനം കേരളത്തിന്റെ തോട്ടം മേഖല നേടിയിരുന്നത് ഇപ്പോള്‍ 15,000 കോടി രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്. ഉത്പാദനച്ചെലവിലെയും തൊഴിലാളി വേതനത്തിലെയും വര്‍ധന, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉത്പാദനത്തകര്‍ച്ച തുടങ്ങിയവയാണ് തിരിച്ചടിയായത്.
5 ശതമാനം സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ബഹുവിള കൃഷികള്‍ക്ക് ഉപയോഗിക്കാമെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. ഈ വ്യവസ്ഥ പ്രയോജനപ്പെടുത്തി പ്ലാന്റേഷന്‍ ടൂറിസവും ഇപ്പോള്‍ ആലോചനയിലുണ്ട്. കൊച്ചിയില്‍ നടന്ന പ്ലാന്റേഷന്‍ എക്‌സ്‌പോയില്‍ പ്ലാന്റേഷനെ ടൂറിസം ഇനമായി പ്രദര്‍ശിപ്പിച്ചിരുന്നു.
പ്ലാന്റേഷനുകളെയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം പാക്കേജ്, തോട്ടം ട്രെക്കിംഗ്, ജീപ്പ് സഫാരി, റോവിംഗ് തുടങ്ങിയവ പ്ലാന്റേഷന്‍ ടൂറിസത്തിനും അതുവഴി തോട്ടം മേഖലയ്ക്കും സാമ്പത്തികമായി വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. തേയില അടക്കമുള്ള ഉത്പന്നങ്ങളുടെ കച്ചവടം കൂടാനും തോട്ടം മേഖലകളിലെ ടൂറിസം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇറക്കുമതിക്കും പൂട്ടിടണം
കേരളത്തിലെ തോട്ടം മേഖലയ്ക്ക് പ്രധാന തിരിച്ചടിയായത് ഇറക്കുമതി വര്‍ധനയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (UPASI) അടക്കമുള്ള കൂട്ടായ്മകള്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ കേരളത്തില്‍ 8 ലക്ഷം ടണ്‍ ഉത്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 6 ലക്ഷം ടണ്ണോളമാണ്. റബര്‍ ഇറക്കുമതി കൂടിയതാണ് മുഖ്യ തിരിച്ചടി.
മെയ്ക്ക് ഇന്‍ ഇന്ത്യ പോലെ ഗ്രോ ഇന്ത്യ കാമ്പയിനുകളും തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി വേണമെന്ന് ഉപാസി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ തോട്ടം മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
മരുന്ന് തളിക്കുന്നത് മുതല്‍ വില്‍പന വരെ നീളുന്നു ഇത്. ഉത്പാദനച്ചെലവ് കുറയ്ക്കാനും നിലവാരവും ഉത്പാദനവും മെച്ചപ്പെടുത്താനും ഡേറ്റ ശേഖരണം കുറ്റമറ്റതാക്കാനും ഇതു സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.
പഠിച്ച് റിപ്പോര്‍ട്ട് നല്‍കും
കേവലം സഹായപദ്ധതികള്‍ കൊടുത്തതുകൊണ്ട് സംസ്ഥാനത്തെ തോട്ടം മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും സമഗ്രമായ നയംമാറ്റം തന്നെയാണ് അനിവാര്യമെന്നും വാദങ്ങളുണ്ട്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ഐ.ഐ.എമ്മിനെ നിയോഗിച്ചിട്ടുണ്ട്. ജൂണിന് മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.