സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി ഡ്യൂട്ടി: നിയമന ഉത്തരവില്‍ കമ്പനി വ്യക്തമാക്കണം
ജീവനക്കാരുടെ സമ്മതം വാങ്ങിയശേഷമേ തീരുമാനമെടുക്കാവൂ
ഓഫീസുകളിലോ ഫാക്ടറികളിലോ രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുമെന്നത് സ്ത്രീ ജീവനക്കാരെ പൊതുവേ അലോസരപ്പെടുത്താറുണ്ട്. എല്ലാ വനിതാ ജീവനക്കാര്‍ക്കും ഈ ടെന്‍ഷന്‍ ഇല്ലെങ്കിലും ചിലരെങ്കിലും വിഷമത്തിലാവാറുണ്ട്.
കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയവും പരിഗണിച്ചിരിക്കുകയാണ് ഇപ്പോള്‍. വനിതാ ജീവനക്കാരെ രാത്രി 9 മുതല്‍ രാവിലെ 6 വരെ ജോലിക്ക് നിയോഗിക്കുന്നുണ്ടെങ്കില്‍ അക്കാര്യം നിയമന ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിരിക്കണമെന്നാണ് പുതിയ ചട്ടഭേദഗതി. ഇക്കാര്യത്തില്‍ വനിതാ ജീവനക്കാരുടെ സമ്മതം വാങ്ങിയിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വ്യവസായം സൗഹൃദമാക്കാന്‍ നിരവധി മാറ്റങ്ങള്‍
കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ നിരവധി ചട്ടഭേദഗതികളാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ നിയമ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് നടപ്പാക്കുന്നത്. 13 വകുപ്പുകളുമായി ബന്ധപ്പെട്ട 12 നിയമങ്ങളും 12 ചട്ടങ്ങളുമാണ് ഭേദഗതിചെയ്യുന്നത്. പുതുതായി മൂന്ന് നിയമങ്ങളും കൊണ്ടുവരുന്നുണ്ട്.
വ്യവസായ സംരംഭങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കാനുള്ള തീരുമാനമാണ് ഇതില്‍ ശ്രദ്ധേയം. സംരംഭകരുടെ ഭാഗം കേള്‍ക്കാതെ ഫാക്ടറികള്‍, തൊഴില്‍കേന്ദ്രങ്ങള്‍, യന്ത്ര യൂണിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടാകില്ല.
മറ്റ് പ്രധാന പരിഷ്‌കാരങ്ങള്‍
- വ്യവസായ സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്കുള്ള പ്ലാന്‍ നിശ്ചിത സമയത്തിനുള്ളില്‍ അംഗീകരിക്കണം. അല്ലാത്തപക്ഷം അനുമതി ലഭിച്ചതായി കണക്കാക്കാം.
- വ്യവസായ സ്ഥാപനങ്ങളില്‍ ഇടയ്ക്കിടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ സംരംഭകന്‍ സാക്ഷ്യപത്രമായി നല്‍കിയാല്‍ മതി.
- ചെറിയ തര്‍ക്കങ്ങളും പിഴയും കോടതിയിലെത്തുന്നത് ഒഴിവാക്കും. കോടതിക്ക് പിഴ ചുമത്താനും അധികാരമുണ്ടാകില്ല. പകരം ഏത് പിഴയും റവന്യു റിക്കവറിയിലൂടെ പിരിച്ചെടുക്കും.
- പൊതു അവധിദിനങ്ങള്‍ ഏതൊക്കെയാണെന്ന് തൊഴിലുടമയും തൊഴിലാളികളും വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ മുന്‍കൂട്ടി തീരുമാനിക്കണം.