മില്ലെറ്റ് കഫെ വരുന്നൂ, കേരളത്തില്‍ എല്ലാ ജില്ലകളിലും
കഫെകള്‍ക്കായി സംരംഭകരെ തേടി കാര്‍ഷിക വകുപ്പ്; നേടാം ധനസഹായവും
പോഷകങ്ങളുടെ സമ്പന്ന കലവറയായ ചെറു ധാന്യങ്ങള്‍ക്ക് (Millest/മില്ലെറ്റ്‌സ്) പ്രാമുഖ്യമുള്ള മില്ലെറ്റ് കഫെകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കാന്‍ കാര്‍ഷിക വകുപ്പ്. ഇതിനായി സംരംഭകരില്‍ നിന്ന് കാര്‍ഷിക വകുപ്പ് അപേക്ഷയും ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 20നകം അപേക്ഷിക്കണം. അര്‍ഹര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കും.
ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ബിസ്‌കറ്റ്, കേക്ക്, ദോശ തുടങ്ങി നിരവധി പോഷകനിബിഡമായ ഭക്ഷണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അന്തര്‍ദേശീയ മില്ലെറ്റ് വര്‍ഷാചരണത്തോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ചെറുധാന്യ കഫെകള്‍ സ്ഥാപിക്കുന്നത്. കാര്‍ഷിക ഉത്പാദക സംഘടനകള്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ട് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ആദ്യ മില്ലെറ്റ് കഫെ അട്ടപ്പാടിയില്‍
കേരളത്തിലെ ആദ്യ മില്ലെറ്റ് കഫെ 2022ല്‍ കുടുംബശ്രീ സംരംഭമായി പാലക്കാട് അട്ടപ്പാടിയില്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആദ്യ മില്ലെറ്റ് കഫെ ആരംഭിച്ചത് 2023 ഏപ്രിലിലാണ്. കേരളത്തിലെ ചെറുധാന്യ ഉത്പാദനം 3,000 ടണ്ണായി ഉയര്‍ത്താന്‍ പോഷക സമൃദ്ധി മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുമുണ്ട്.