₹30,000ന്റെ ഹോളിഡേ പാക്കേജ് വെറും ₹5ന്; വാട്‌സാപ്പ് ഗെയിമുമായി ടൂറിസം വകുപ്പ്
'ഹോളിഡേ ഹീസ്റ്റി'ന് മികച്ച പ്രതികരണം, എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകള്‍
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഔദ്യോഗിക വാട്‌സാപ്പ് അക്കൗണ്ടിലൂടെ നടത്തിയ ഒരു മാസം നീണ്ട 'ഹോളിഡേ ഹീസ്റ്റ്' ഗെയിം കാംപയിന് മികച്ച പ്രതികരണം. വിജയികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഗെയിം.
സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും അഞ്ചു രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്. ജൂലൈയില്‍ സംഘടിപ്പിച്ച ബിഡ്ഡിങ് ഗെയിമില്‍ 80,000 ലധികം ബിഡ്‌സുകളാണ് നടന്നത്. 45 ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 4.5 കോടി1.30 കോടിയിലധികം കാണികളെയും നേടി. കാംപയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. 'ലോവസ്റ്റ് യുണിക് ബിഡ്ഡിങ്' എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്
കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ചാറ്റ് ബോട്ടായ 'മായ' (7510512345) ആണ് കാംപയിനിന് നേതൃത്വം നല്‍കിയത്. കാംപയിന്‍ കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം ചെലവിടാനുള്ള അവസരവും മുന്നോട്ടുവച്ചു.
ഹോളിഡേ ഹീസ്റ്റ് ഗെയിമിലൂടെ ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.