കേരളത്തിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന പാര്‍ക്ക് തൊടുപുഴയില്‍ ആരംഭിച്ചു

രണ്ടാം ഘട്ടം ഒൻപത് മാസത്തിനുള്ളിൽ

Update:2023-10-20 17:12 IST

Image courtesy: canva

തൊടുപുഴയില്‍ മുട്ടത്ത് കിന്‍ഫ്രയുടെ പുതിയ സുഗന്ധ വ്യഞ്ജന പാര്‍ക്കിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ ആദ്യത്തെ സുഗന്ധ വ്യഞ്ജന പാര്‍ക്കാണിത്. 20 കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഈ പാര്‍ക്ക് മൂല്യ വര്‍ധിത സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും ലക്ഷ്യം വെച്ചാണ് ആസൂത്രണം ചെയ്തത്.

സുഗന്ധവ്യഞ്ജനങ്ങളുടെ 75%

ആദ്യ ഘട്ടം 20 ഏക്കറിലാണ് സ്ഥാപിച്ചത്. റോഡ്, വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണ പ്ലാന്റ്, ഭരണ കാര്യാലയം തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഈ പാര്‍ക്കിന്റെ രണ്ടാം ഘട്ടം ഒന്‍പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

'സ്പൈസസ് പാര്‍ക്ക്' രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയുടെ മുന്നേറ്റത്തിന് വഴി തെളിക്കുമെന്ന് മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു. നിരവധി കമ്പനികള്‍ പാര്‍ക്കില്‍ ബിസിനസ് ആരംഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. രാജ്യം മൊത്തം കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ 75% സംഭാവന കേരളത്തില്‍ നിന്നാണ്.


Tags:    

Similar News