കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദനം; കേരളത്തിലെ റബര്‍ നഴ്സറികള്‍ കൂട്ടത്തോടെ അസമിലേക്ക്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ഉല്‍പ്പാദനത്തിന് കുറഞ്ഞ ചെലവ്

Update: 2023-10-03 13:57 GMT

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ  ടയറുല്‍പാദകര്‍ക്ക് വേണ്ടിയുള്ള റബര്‍ പ്ലാന്റേഷന്‍ പദ്ധതിക്കായി കേരളത്തിലെ റബര്‍ നഴ്സറി ഫാമുകള്‍ കൂട്ടത്തോടെ അസമില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നു. വന്‍കിട ടയറുല്‍പാദകരുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ ഓട്ടോമൊബൈല്‍ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷ(ആത്മ)ന്റെ പദ്ധതി പ്രകാരമാണ് പ്ലാന്റേഷന്‍ നടക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം ഹെക്ടര്‍ റബര്‍ തൈകള്‍ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 80,000 ഹെക്ടറില്‍ പൂര്‍ത്തീകരിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 1.20 ലക്ഷം ഹെക്ടര്‍ കൂടി പൂര്‍ത്തീകരിക്കും. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിലെ നഴ്സറികളില്‍ നിന്ന് തൈകള്‍ എത്തിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ആത്മ പ്ലാന്റേഷന്റെ പൂര്‍ണ ഉത്തരവാദിത്വം റബര്‍ നഴ്സറി സംരംഭകരെ ഏല്‍പിച്ചതോടെ കേരളത്തിലെ റബര്‍ നഴ്സറികള്‍ അസമിലേക്ക് പറിച്ചു നടപ്പെട്ടു.

നിരക്ക് കുറവ്

ടയര്‍ ഉല്‍പാദകര്‍ക്ക് കേരളത്തിലേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത റബര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തിലേതിനേക്കാള്‍ റബറിന്റെ ഉല്‍പാദന ചിലവ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറവാണെന്നതിലാണ് ടയര്‍ കമ്പനികളുടെ നോട്ടം. ടാപ്പിങ്ങിനുള്‍പ്പെടെ കുറഞ്ഞ കൂലി, സ്ഥലവിലയിലെ കുറവ്, ഇടനിലക്കാരെ ഒഴിവാക്കാന്‍ ആകുന്നുവെന്നതുള്‍പ്പെടെയുള്ള ഘടകങ്ങളും റബര്‍ നഴ്സറി ഉടമകളെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

കേരളത്തില്‍ 142 രൂപയ്ക്ക് റബര്‍ കിട്ടുമ്പോള്‍ അസമിലുള്‍പ്പെടെ 116 രൂപയാണ് റബര്‍ വില. ഇപ്പോള്‍ തന്നെ അവിടെ നിന്ന് വന്‍തോതില്‍ റബര്‍ സംഭരിച്ച് കേരളത്തിലെത്തിച്ച് 142 രൂപയ്ക്ക് ഇടനിലക്കാര്‍ ടയര്‍ കമ്പനികള്‍ക്ക് ഉള്‍പ്പെടെ വില്‍ക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന റബറിന് വില വര്‍ധിക്കാത്ത സാഹചര്യം മൂലം വലിയ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഇത് ഇരുട്ടടിയാവുകയാണ്. വലിയ തോതിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി എത്രകാലം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കേരളത്തിലെ റബര്‍ കര്‍ഷകരുടെ ഉല്‍പാദന ചിലവ് കുറയ്ക്കാനോ റബറിന് ന്യായവില ലഭ്യമാക്കാനോ കാര്യമായ ഇടപെടല്‍ നടത്താതെയാണ് റബര്‍ ബോര്‍ഡ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ടയര്‍ കമ്പനികളെ പിന്തുണയ്ക്കുന്ന നടപടി കൈക്കൊള്ളുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Tags:    

Similar News