സംസ്ഥാനത്ത് വന്‍ പദ്ധതികളുമായി കിച്ചന്‍ ട്രഷേഴ്സ്: 40 കോടി രൂപ നിക്ഷേപിക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ കേരളത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു മാതൃക സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്

Update: 2022-06-09 07:24 GMT

മസാല, സുഗന്ധവ്യഞ്ജന രംഗത്തെ പ്രമുഖരായ കിച്ചന്‍ ട്രഷേഴ്‌സ് (Kitchen Treasures) സംസ്ഥാനത്ത് വന്‍ വിപുലീകരണത്തിനൊരുങ്ങുന്നതായി ഉല്‍പ്പാദകരായ ഇന്റര്‍ഗ്രോ ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 40 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മാണി പറഞ്ഞു. അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടിയിലധികം രൂപയും അധികമായി നിക്ഷേപിക്കും. സംസ്ഥാനത്തെ മസാല, സുഗന്ധവ്യഞ്ജന വിപണന രംഗത്തെ രണ്ടാമത്തെ ബ്രാന്‍ഡായി മാറിയ കിച്ചന്‍ ട്രഷേഴ്സ് ഇതുവഴി ഏഴ് വര്‍ഷത്തിനുള്ളില്‍ 1,000 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധചെലുത്തുന്നതാണ് തങ്ങളുടെ വിജയത്തിന്റെ കാരണമെന്ന് അശോക് മാണി പറഞ്ഞു. കേരളത്തിന്റെ 65 ശതമാനം മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനകം ഇത് 95 ശതമാനത്തില്‍ എത്തിക്കും. ഈ കാലയളവില്‍ സെയ്ല്‍സ് ടീമിന്റെ വലുപ്പം 50 ശതമാനമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ കേരളത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു മാതൃക സൃഷ്ടിക്കാനും കിച്ചണ്‍ ട്രഷേഴ്‌സ് പദ്ധതിയിടുന്നുണ്ട്. ഊര്‍ജവും താല്‍പ്പര്യവുമുള്ള ഒട്ടേറെ സംരംഭകര്‍ സംസ്ഥാനത്തുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങളുടെ മൂല്യനിര്‍ണയത്തിനും ഗുണനിലവാര പരിശോധനയ്ക്കും കൃത്യമായ മാര്‍ഗങ്ങളുണ്ടാക്കിയശേഷം അവരെ വിപണിയിലേക്ക് എത്തിക്കുകയാണ് പദ്ധതി. കേരളത്തിനു വേണ്ടി കേരളത്തില്‍തന്നെ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണ്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. വിവിധ കാറ്റഗറികളിലായിട്ടായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്നും അശോക് മാണി പറഞ്ഞു.
ജിഎസ്ടി, നോട്ട് അസാധുവാക്കല്‍, രണ്ട് പ്രളയങ്ങള്‍, കൊവിഡ് എന്നിവയുള്‍പ്പെടെ കഴിഞ്ഞ ആറ് വര്‍ഷമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കിടയിലും കമ്പനിക്ക് രണ്ടാംസ്ഥാനം നേടാനായത് വലിയ നേട്ടമാണ്. സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണ, ലഘുഭക്ഷണങ്ങള്‍ തുടങ്ങി പല ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ആളുകള്‍ ഇപ്പോഴും ബ്രാന്‍ഡുകളെ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. ഇതില്‍ മാറ്റമുണ്ടാക്കാനാണ് കിച്ചന്‍ ട്രഷേഴ്സിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News